കാരക്കാട്ടുകാരോട് റെയില്‍വേ കണ്ടോ, കേറണ്ട…

പട്ടാമ്പി : കണ്ടാല്‍ മതി, കേറണ്ട. കാരക്കാട്ടുകാരോട് ഇന്ത്യൻ റെയില്‍വേ പറയുന്നതിതാണ്. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള സ്റ്റേഷനില്‍ പകല്‍ ഒരു ട്രെയിനിനും സ്റ്റോപ്പില്ല.

സൗകര്യത്തില്‍ പട്ടാമ്ബിക്ക് മുന്നിലും വലുപ്പത്തില്‍ പള്ളിപ്പുറത്തിനൊപ്പവുമാണ് കാരക്കാട് സ്റ്റേഷൻ. പട്ടാമ്ബിക്കും പള്ളിപ്പുറത്തിനുമുള്ള പരിഗണനയുടെ പത്തിലൊരംശം പോലും കാരക്കാടിന് ലഭിക്കുന്നില്ല. 1927ലാണ് കാരക്കാട് സ്റ്റേഷൻ ആരംഭിച്ചത്. ഷൊര്‍ണൂരിനും പട്ടാമ്ബിക്കുമിടയിലുള്ള ഈ സ്റ്റേഷനില്‍ നാല് ട്രാക്കുകളുണ്ട്. ട്രാക്കിന്റെ കാര്യത്തില്‍ പട്ടാമ്ബിക്ക് മുന്നിലാണ് കാരക്കാട്. ഫലപ്രദമായി ഷണ്ടിങ് നടത്താൻ പര്യാപ്തമാണ് ഈ സൗകര്യം. എന്നാല്‍, ഇതൊന്നും ഉപയോഗപ്പെടുത്താൻ റെയില്‍വേക്ക് താല്‍പര്യമില്ല.

ദീര്‍ഘദൂര ട്രെയിനുകളുള്‍പ്പെടെ കാരക്കാടിന് പിടികൊടുക്കാതെ ഓടിക്കൊണ്ടിരിക്കുകയാണ്. നേരത്തേ നിര്‍ത്തിയിരുന്ന ട്രെയിനുകള്‍ പോലും കോവിഡാനന്തരം കാഴ്ച മാത്രമായി. 16323 മംഗളൂരു-കോയമ്ബത്തൂര്‍, 16608 കോയമ്ബത്തൂര്‍-കണ്ണൂര്‍ എന്നിവയുടെ സ്റ്റോപ്പാണ് നഷ്ടമായത്. കോഴിക്കോട് ഭാഗത്തേക്കുള്ള 16609 തൃശൂര്‍-കണ്ണൂര്‍ (07.39), 06455 ഷൊര്‍ണൂര്‍-കോഴിക്കോട് (17.56) എന്നിവയും ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള 06454 കോഴിക്കോട്-ഷൊര്‍ണ്ണൂര്‍ (07.11), 06456 കണ്ണൂര്‍-ഷൊര്‍ണൂര്‍ (19.06) എന്നിവയും മാത്രമാണ് നിലവില്‍ കാരക്കാട് സ്റ്റേഷനില്‍ നിര്‍ത്തുന്നത്. രാവിലെ 7.39ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിൻ പോയിക്കഴിഞ്ഞാല്‍ വൈകീട്ട് ആറുവരെ ഈ റൂട്ടില്‍ ട്രെയിൻ യാത്ര നോക്കണ്ട.

രാവിലെ 7.11നുള്ള ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിൻ പോയാല്‍ ഈ റൂട്ടിലും അതുതന്നെയാണ് അവസ്ഥ. പിന്നീട് വൈകീട്ട് ഏഴുവരെയും ഒരു ട്രെയിനിനും കാരക്കാട് സ്റ്റോപ്പില്ല. ഭൂരിഭാഗം ജനങ്ങളും യാത്ര ചെയ്യുന്ന പകല്‍ സമയത്ത് കാരക്കാട്ടുകാര്‍ക്ക് മറ്റു വാഹനങ്ങള്‍ തന്നെ ശരണം.

ഉള്‍പ്രദേശമായതിനാല്‍ നഷ്ടക്കണക്ക് പറഞ്ഞ് സ്വകാര്യ ബസ് സര്‍വിസുകള്‍ എത്തിനോക്കുന്നില്ല. ടാക്സികളാണ് ജനങ്ങള്‍ക്ക് ആശ്രയം. ഇത് വലിയ പണച്ചെലവുണ്ടാക്കുന്നതാണ്. വിദ്യാര്‍ഥികളും രോഗികളുമാണ് ഏറെ കഷ്ടപ്പെടുന്നത്. നേരത്തേ നിര്‍ത്തിയിരുന്ന 16323 മംഗളൂരു-കോയമ്ബത്തൂര്‍, 16608 കോയമ്ബത്തൂര്‍-കണ്ണൂര്‍ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കാൻ എന്താണ് വൈമുഖ്യമെന്ന നാട്ടുകാരുടെ ചോദ്യത്തിന് ഉത്തരമില്ല.

ആക്രി വ്യാപാരത്തില്‍ സംസ്ഥാനത്ത് മുന്നിട്ടുനില്‍ക്കുന്ന കേന്ദ്രമാണ് ഓങ്ങല്ലൂരിലെ കാരക്കാട്. ഇതുമായി ബന്ധപ്പെട്ട് നിരവധി കുടുംബങ്ങളാണ് ജീവിതം തള്ളി നീക്കുന്നത്. ജനസംഖ്യയിലും കാരക്കാട് പ്രദേശം മുന്നിലാണ്. പട്ടാമ്ബി, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് നിത്യേന നൂറുകണക്കിനാളുകളാണ് കാരക്കാട്ടുനിന്ന് യാത്ര ചെയ്യുന്നത്. അടിസ്ഥാന സൗകര്യമുണ്ടായിട്ടും മാനുഷിക പരിഗണന ഇല്ലാത്തതുകൊണ്ട് മാത്രം കാരക്കാട്ടുകാര്‍ ദുരിതയാത്ര തുടരുകയാണ്. പുറം ലോകത്തെത്താൻ പാടുപെടുന്ന ജനതയുടെ ദൈന്യത ഇനിയെങ്കിലും അധികൃതര്‍ കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.