താനൂര്‍ അഞ്ചുടിയില്‍ യുവാവിന്റെ മരണത്തില്‍ ദുരൂഹത; അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു
താനൂര്‍ അഞ്ചുടി സ്വദേശി കുട്ട്യാമുവിന്റെ പുരക്കല്‍ നൗഫലിന്റെ മരണത്തിലാണ് ദുരൂഹത ഉയര്‍ന്നിരുക്കുന്നത്. ഓട്ടോഡ്രൈവറായിരുന്ന നൗഫലിനെ രണ്ട് ദിവസം മുമ്പ് ചക്കരമൂലയില്‍ റോഡരികില്‍ വച്ച് അക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലക്കും മുഖത്തും കൈകാലുകള്‍ക്കും ക്ഷതമേറ്റിരുന്നു. ചികിത്സക്കു ശേഷം വീട്ടില്‍ കഴിയുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. 40 വയസ്സായിരുന്നു.
മത്സ്യബന്ധന ജോലിയിലും ഏര്‍പ്പെടാറുള്ള നൗഫല്‍ ജോലി കഴിഞ്ഞ്
ചക്കരമൂലയിലെ ഹോട്ടലില്‍ എത്തിയപ്പോഴാണ് സംഘം മര്‍ദ്ദിച്ചത്. ഈ സംഘം ഹോട്ടലിലേക്ക് നൗഫലിനെ വിളിച്ചു വരുത്തിയതാണെന്നും സംശയിക്കുന്നു. ഇരുമ്പ് വടിപോലുള്ള ആയുധം ഉപയോഗിച്ച് മര്‍ദ്ദനമേറ്റ മുറിവുകള്‍ ദേഹത്തുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ താനൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. അശാന്തി ഒഴിഞ്ഞ് താനൂര്‍ തീരദേശം സമാധാനാന്തരീക്ഷത്തില്‍ തുടരുമ്പോഴാണ് നൗഫലിന്റെ ദുരൂഹ മരണം സംഭവിച്ചിരിക്കുന്നത്. തീരദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മരണപ്പെട്ട നൗഫലിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് അഞ്ചുടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. വാഹിദയാണ് ഭാര്യ. ഏക മകള്‍ നെഫ്ല ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.