കൈക്കൂലി 86000 രൂപ! ദേശീയപാതാ നഷ്ടപരിഹാരം നല്‍കാൻ പണം വാങ്ങിയ ക്ലര്‍ക്ക് വിജിലൻസ് പിടിയില്‍

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ പിടിയിലായി. കൊയിലാണ്ടി ദേശീയ പാത വികസന വിഭാഗം തഹസില്‍ദാരുടെ ഓഫീസിലെ ക്ലര്‍ക്ക് പിഡി ടോമിയാണ് പിടിയിലായത്.

അടിവാരം സ്വദേശിയാണ് ഇയാള്‍. ദേശീയപാതാ വികസനത്തിനായി സ്ഥലം വിട്ടുനല്‍കിയ വ്യക്തിക്ക് നഷ്ടപരിഹാരത്തുക നല്‍കുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 86000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്.

എന്നാല്‍ പരാതിക്കാരൻ ക്ലര്‍ക്ക് കൈക്കൂലി ആവശ്യപ്പെട്ട കാര്യം വിജിലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇന്ന് പരാതിക്കാരൻ ടോമിക്ക് പണം നല്‍കാനെത്തിയത്. വിജിലൻസ് സംഘം സമീപത്തുള്ളത് അറിയാതെ കൈക്കൂലി വാങ്ങിയ ടോമിയെ ഉദ്യോഗസ്ഥര്‍ ഉടനടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംസ്ഥാനത്ത് സമീപകാലത്ത് കൈക്കൂലി കേസില്‍ നിരവധി അറസ്റ്റുകളാണ് നടന്നത്. എന്നിട്ടും കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥര്‍ പതിവ് പോലെ ഇത് തുടരുന്നത് സാധാരണക്കാര്‍ക്ക് സൃഷ്ടിക്കുന്ന പ്രയാസം ചെറുതല്ല. വീടിന് നമ്ബറിടുന്നതിന് മുതല്‍ വീട് നഷ്ടമായതിന്റെ നഷ്ടപരിഹാരം കിട്ടാൻ വരെ ലക്ഷങ്ങള്‍ വരെ ഉദ്യോഗസ്ഥന് കൈക്കൂലിയായി നല്‍കേണ്ട സ്ഥിതിയാണ്.

സമാനമായ കേസില്‍ തൃശ്ശൂര്‍ വിജിലൻസ് കോടതി പാലക്കാട് ‌അമ്ബലപ്പാറ പഞ്ചായത്തിലെ മുൻ സെക്രട്ടറി എൻആര്‍ രവീന്ദ്രനെ ശിക്ഷിച്ചിരുന്നു. ഒരു വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 2011 ല്‍ ഹംസ എന്ന വ്യക്തിക്ക് ബില്‍ഡിങ് പെര്‍മിറ്റ് നല്‍കാൻ 5000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ശിക്ഷ. ഹംസ വിവരമറിയിച്ച്‌ പാലക്കാട് വിജിലൻസ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൈക്കൂലി വാങ്ങുന്നതിനിടെ രവീന്ദ്രനെ പിടികൂടിയത്.