വാറണ്ട് നടപ്പാക്കാൻ എത്തിയ വനിതാ എസ് ഐയുടെ മുടിക്ക് കുത്തിപ്പിടിച്ച്‌ പുറത്തിടിച്ചു, അയല്‍വാസിയെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി പൊലീസ്

എരുമേലി: അയല്‍വാസിയായ യുവതിയെ ആക്രമിച്ച കേസിലെ പ്രതി, വനിതാ എസ്.ഐയെ ആക്രമിച്ചു. എരുമേലിയിലാണ് സംഭവം. എരുമേലി എസ്.ഐ ശാന്തി കെ.ബാബുവിനെയാണ് അയല്‍വാസിയെ ആക്രമിച്ച കേസില്‍ പ്രതിയായ എലിവാലിക്കര കീച്ചേരില്‍ വി.ജി ശ്രീധരൻ (72) മുടിക്ക് കുത്തിപ്പിടിക്കുകയും പുറത്തിടിക്കുകയും ചെയ്‌തത്.

കോടതി പുറപ്പെടുവിച്ച വാറണ്ട് നടപ്പാക്കാൻ പൊലീസ് എത്തിയപ്പോഴായിരുന്നു സംഭവം.

വീട്ടില്‍ എത്തിയ എസ്.ഐയ്‌ക്കും സംഘത്തിനുമൊപ്പം പോകാതെ ശ്രീധരൻ ഏറെ നേരം കയര്‍ക്കുകയും അസഭ്യം പറയുകയും ചെയ്‌തു. അനുനയപ്പെടുത്തി കൊണ്ടുപോകാൻ പൊലീസ് ശ്രമിച്ചതിന് പിന്നാലെ ശ്രീധരൻ വീട്ടിനുള്ളില്‍ കയറി കതകടച്ചു.

ഇതോടെ പൊലീസ് വീട്ടിലെ കതക് ബലമായി തുറന്ന് ശ്രീധരനെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. ഇതിനിടെയാണ് ഇയാള്‍ വനിതാ എസ്.ഐയുടെ മുടിക്ക് കുത്തിപ്പിടിക്കുകയും പുറത്ത് ഇടിക്കുകയും ചെയ്‌തത്. പിന്നാലെ കൂടുതല്‍ പൊലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇയാളെ ബലംപ്രയോഗിച്ച്‌ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മുമ്പ് കോഴിക്കോട് താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയിലും പൊലീസിന് നേരെ സമാനമായ സംഭവമുണ്ടായിരുന്നു. പൊലീസിനെ കല്ലെറിയുകയും യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ലഹരിസംഘത്തിലെ രണ്ട് പേരെ സെപ്‌തംബര്‍ മാസത്തില്‍ പിടികൂടിയിരുന്നു. താമരശ്ശേരി ചുടലമുക്ക് കരിങ്ങമണ്ണ സ്വദേശികളായ തേക്കുംതോട്ടം തട്ടൂര്‍ വീട്ടില്‍ പൂച്ച ഫിറോസ് എന്ന ഫിറോസ് ഖാൻ (33), മേലെ കുന്നപ്പള്ളി വീട്ടില്‍ മോൻട്ടി എന്ന മുഹമ്മദ് ഷാഫി എന്നിവരെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഫിറോസിനെ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിന് അടുത്തുള്ള ദൊഡ്ഡദപ്പൂര്‍ എന്ന സ്ഥലത്തെ ഫാം ഹൗസില്‍വച്ചും മോൻടി ഷാഫിയെ ചുടലമുക്കിലെ വീട്ടില്‍വച്ചുമാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. ഫിറോസിന്റെ ഭാര്യ സഹോദരനാണ് മോൻടി ഷാഫി.