മുബൈയിൽ ഗ്രാഫിക് ഡിസൈനർ ഉൾപ്പെട്ട സംഘത്തിന്റെ വൻ തട്ടിപ്പ്; നാലുപേർ പിടിയിൽ, ഫർസി സീരീസാണ് പ്രചോദനമായതെന്ന് പ്രതികൾ

ഷാഹിദ് കപൂർ അഭിനയിച്ച വെബ് സീരീസായ ഫർസിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുബൈയിൽ ഗ്രാഫിക് ഡിസൈനർ ഉൾപ്പെട്ട സംഘത്തിന്റെ വൻ തട്ടിപ്പ്. വെബ് സീരീസിലേതിന് സമാനമായി മുംബൈയിലെ ബോറിവാലിയിലെ ഒരു ജനപ്രിയ ​ഗർബ പരിപാടിക്ക് വ്യാജ പാസുകൾ വിറ്റ് 30 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

ഇതിനായി 1000 വ്യാജ പാസുകൾ ഇവർ നിർമ്മിച്ച് സൂക്ഷിച്ചിരുന്നു. ആറു പേരടങ്ങുന്ന സംഘമായിരുന്നു തട്ടിപ്പിന് പിന്നിൽ. ഇതിൽ ഒരാൾ ഗ്രാഫിക് ഡിസൈനറാണ്. ഇയാളാണ് വ്യാജ പാസുകൾ ഡിസൈൻ ചെയ്തത്. ഇയാളടക്കമുള്ള നാലുപേരെ പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്. അറസ്റ്റിന് പുറമേ, വ്യാജ പാസുകളും വിവിധ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്.

കരൺ ഷാ (29), ഇയാളുടെ കൂട്ടാളികളായ ദർശൻ ഗോഹിൽ (24), പരേഷ് നെവ്‌രേക്കർ (35), കവിഷ് പാട്ടീൽ (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദുർഗാദേവി നവരാത്ര ഉത്സവ സമിതിയുടെ പരിപാടിക്കായാണ് ഇവർ വ്യാജ പാസുകൾ ഉണ്ടാക്കി വിൽപ്പന നടത്തിയത്. ഈ പരിപാടിയുടെ നിയമാനുസൃത പാസുകൾ 3,000 രൂപ മുതൽ 3,800 രൂപ വരെയാണ് വില. എന്നാൽ, ഇവർ വ്യാജ പാസുകൾ വിറ്റത് ഏകദേശം 2,600 രൂപയ്ക്കാണ്.

വ്യാജ പാസ് ഉണ്ടാക്കി വേഗത്തിൽ പണം സമ്പാദിക്കാൻ ഷാഹിദ് കപൂറിന്റെ വെബ് സീരീസായ ഫാർസിയാണ് തനിക്ക് പ്രചോദനമായതെന്ന് ചോദ്യം ചെയ്യലിൽ ഷാ സമ്മതിച്ചതായി ഒരു പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഫർസിയിൽ, വ്യാജ കറൻസി ഉണ്ടാക്കുന്ന ഒരു കലാകാരനാണ് കപൂർ. നിരവധി പേർ വ്യാജപാസുകൾ വാങ്ങിയതോടെയാണ് തട്ടിപ്പ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. വാങ്ങിയരിൽ ചിലർ ഇവന്റിനായുള്ള അംഗീകൃത സ്റ്റാളിനെ സമീപിക്കുകയും പാസുകളുടെ ആധികാരികതയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തു വന്നത്.