മദ്യപിച്ച് ലക്ക് കെട്ട് നീന്തല്‍ കുളത്തില്‍ ഭാര്യക്കും മക്കള്‍ക്കും ഒപ്പം നീന്താനിറങ്ങിയ യുവാവിനെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.
ചൊവ്വാഴ്ച വൈകിയിട്ട് ഏഴ് മണിയോടെ ചങ്ങരംകുളം ചിയ്യാനൂരിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ചങ്ങരംകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ മാനേജറായ യുവതിയും ഭര്‍ത്താവും രണ്ട് മക്കളും ചേര്‍ന്നാണ് ചിറകുളത്തില്‍ നീന്താൻ ഇറങ്ങിയത്.
മദ്യപിച്ച് ലക്ക് കെട്ട യുവാവ് കുളത്തില്‍ കുട്ടികള്‍ക്കൊപ്പം ഇറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശത്തെ യുവാക്കള്‍ അപകട സാധ്യത ബോധ്യപ്പെടുത്തി കുളത്തില്‍ നിന്ന് കയറാൻ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വീണ്ടും കുളത്തില്‍ ഇറങ്ങി പ്രദേശവാസികളെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ആയിരുന്നു. നേരം ഇരുട്ടിയിട്ടും കുളത്തില്‍ നിന്ന് കയറാതെ നാട്ടുകാര്‍ക്ക് നേരെ ഇയാള്‍ അസഭ്യ വര്‍ഷം തുടര്‍ന്നതോടെ നാട്ടുകാര്‍ തന്നെ ചങ്ങരംകുളം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ചങ്ങരംകുളം എസ്‌ഐ ബാബു ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പോലീസെത്തി ഇയാളോട് മക്കളെയും കൂട്ടി കുളത്തില്‍ നിന്ന് കയറി പോവാൻ ആവശ്യപ്പെട്ടെങ്കിലും പോലീസിനോടും ഇയാള്‍ തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. പല തവണ ഇയാളോട് പോലീസ് കുളത്തില്‍ നിന്ന് കയറിപ്പോവാൻ ആവശ്യപ്പെട്ടിട്ടും പോലീസിനെയും നാട്ടുകാരെയും വെല്ലുവിളിച്ച് അസഭ്യം പറയുന്നത് തുടര്‍ന്ന ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പോലീസ് സ്റ്റേഷനിലെത്തിയിട്ടും ഇയാള്‍ പോലീസിനെ വെല്ലുവിളിക്കുകയും ചെയ്യുന്നത് തുടര്‍ന്നു. കേസെടുത്തതിന് ശേഷം ജാമ്യത്തില്‍ വിട്ടെങ്കിലും ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടിയുള്ള അന്വേഷണത്തിലാണ് പോലീസ്. ഇടുക്കി സ്വദേശിയായ ഇയാള്‍ അടുത്ത കാലത്താണ് കുടുംബത്തോടൊപ്പം ചിയ്യാനൂരിലെ വാടക ക്വോര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയത്.