തിരുവനന്തപുരം: കേര പദ്ധതിയുമായി ബന്ധപ്പെട്ട് ലോകബാങ്കിന്റെ സീനിയര്‍ ഇക്കണോമിക്സ് സ്‌പെഷ്യലിസ്റ്റും കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ പ്രോജക്ടി(കേര)ന്റെ ടീം ലീഡറുമായ ക്രിസ് ജാക്‌സണുമായി മന്ത്രി പി.പ്രസാദ് തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ലോകബാങ്ക് ധനസഹായത്തോടെ നടപ്പിലാക്കാനുദ്ദേശിക്കുന്ന “കേര” പദ്ധതി പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപെടുത്താനാണ് ചര്‍ച്ച നടത്തിയത്.
കേരളത്തിന്റെ കാര്‍ഷിക ഭൂപ്രകൃതിയെ ശാക്തീകരിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള ബൃഹത്തായ ആശയം ഈ യോഗത്തില്‍ കൃഷിമന്ത്രി മുന്നോട്ടുവച്ചു. തെങ്ങ്, കുരുമുളക് കൃഷിക്കുള്ള പിന്തുണ, പ്രാദേശിക കര്‍ഷകരെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള കൃഷിക്കൂട്ടങ്ങള്‍ക്കുള്ള പിന്തുണ, കീട-രോഗ നിരീക്ഷണം വര്‍ദ്ധിപ്പിക്കുന്നതിന് കേരള സെന്റര്‍ ഫോര്‍ പെസ്റ്റ് മാനേജ്മെന്റ് (കെ.സി.പി.എം) തുടങ്ങിയവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം.
ഫാര്‍മര്‍ ഫീല്‍ഡ് സ്കൂള്‍ പ്രോഗ്രാം വിപുലീകരിക്കുക, കാര്‍ഷികോല്‍പ്പന്നങ്ങളുടെമൂല്യവര്‍ദ്ധനയ്ക്കും സംസ്കരണത്തിനുമായി വൈഗ എന്ന ആശയത്തെ മെച്ചപ്പെടുത്തുക, കേരളത്തിന്റെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ബ്രാൻഡിംഗും വിപണനവും, കൂണിന്റെയും തേനിന്റെയും ഉത്പാദനം ലാഭകരവും സുസ്ഥിരവുമാക്കുക തുടങ്ങിയ വിഷയങ്ങളും കൃഷിമന്ത്രി മുന്നോട്ട് വച്ചു. കാര്‍ബണ്‍-ന്യൂട്രല്‍ ഫാമുകളുടെ പ്രാധാന്യത്തെക്കുറിച്ചും, ചെറുധാന്യകൃഷിയുടെ സാധ്യതകള്‍ തിരിച്ചറിയുന്നതിനെ കുറിച്ചും കാര്‍ഷിക പരിസ്ഥിതി അധിഷ്ഠിത കൃഷികള്‍ക്കുള്ള സാമ്ബത്തിക സഹായം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
കര്‍ഷകരുടെ കണ്ടെത്തലുകളുടെയും കണ്ടുപിടുത്തങ്ങളുടെയും സമകാലീന പ്രാധാന്യത്തെ കുറിച്ചും ഇവ കര്‍ഷകര്‍ക്കിടയില്‍ വളര്‍ത്തിയെടുക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും മന്ത്രി എടുത്തുപറഞ്ഞു. ലോകബാങ്കിന്റെ സീനിയര്‍ ഇക്കണോമിക്സ് സ്‌പെഷ്യലിസ്റ്റും കേരപദ്ധതിയുടെ ടീം ലീഡറുമായ ക്രിസ് ജാക്‌സണ്‍ ഈ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുകയും, വരാനിരിക്കുന്ന പദ്ധതി ഘടകങ്ങളില്‍ പ്രസക്തമായവയെ പരിഗണിക്കുമെന്നും മന്ത്രിക്ക് ഉറപ്പ് നല്‍കി.
കാര്‍ഷിക പ്രതിരോധശേഷി, സുസ്ഥിരത, സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ മൊത്തത്തിലുള്ള വികസനം എന്നിവയും ലക്ഷ്യമിടുന്ന കേര പദ്ധതി കേരളത്തിന്റെ കാര്‍ഷിക മേഖലക്ക് കൂടുതല്‍ സമ്ബന്നവും, ഒപ്പം കൃഷിയില്‍ കാലാവസ്ഥാനുസൃതമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പുമാണ്. മറ്റു ലോക ബാങ്ക് പ്രതിനിധികളോടൊപ്പം കാര്‍ഷികോല്പാദന കമീഷണര്‍ ബി. അശോക്, കൃഷി ഡയറക്ടര്‍ കെ.എസ് അഞ്ജു, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷൻ ഡയറക്ടര്‍ എല്‍. ആര്‍ ആരതി, കാര്‍ഷിക വിലനിര്‍ണയ ബോര്‍ഡ് ചെയര്‍മാൻ ഡോ. പി രാജശേഖരൻ, കൃഷി അഡിഷണല്‍ ഡയറക്ടര്‍ ബീന ലക്ഷ്മണ്‍ എന്നിവരും പങ്കെടുത്തു.