മുംബൈ: പരിക്ക് മാറി ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുന്നതോടെ ഇന്ത്യന്‍ ടീമില്‍ കാര്യമാ മാറ്റത്തിന് സാധ്യത. ഹാര്‍ദിക്കിന്റെ പരിക്കാണ് കഴിഞ്ഞ രണ്ട് മത്സരത്തിലും മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കാരണമായത്. ഷാര്‍ദുല്‍ ഠാക്കൂറിനും സ്ഥാനം നഷ്ടമായിരുന്നു. പകരം സൂര്യകുമാര്‍ യാദവ് ടീമിലെത്തി. കിട്ടിയ അവസരം ഷമി നന്നായി ഉപയോഗപ്പെടുത്തി. ന്യൂസിലന്‍ഡിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷമി, ഇന്നലെ ഇംഗ്ലണ്ടിനെതിരെ നാല് വിക്കറ്റും സ്വന്തമാക്കി.
ഇതിനിടെയാണ് ഹാര്‍ദിക്കിന്റെ പരിക്ക് മാറിയ വാര്‍ത്ത പുറത്തുവന്നത്. ഇപ്പോള്‍ ബാംഗ്ലൂര്‍, നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലുള്ള ഹാര്‍ദിക് ഇന്ത്യയുടെ അടുത്ത മത്സരത്തിന് മുമ്പായി ഇന്ത്യന്‍ ടീമിനൊപ്പം ചേരും. വ്യാഴാഴ്ച്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ശ്രീലങ്കയ്‌ക്കെതിരായ മത്സരം. ഹാര്‍ദിക്ക് തിരിച്ചെത്തുമെങ്കിലും വാംഖഡെയില്‍ താരത്തെ കളിപ്പിക്കാന്‍ സാധ്യതയില്ല. മതിയായ വിശ്രമം നല്‍കിയ ശേഷം മാത്രമായിരിക്കും താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുക.
എന്തായാലും ഹാര്‍ദിക് വരുമ്പോള്‍ ടീമില്‍ മാറ്റമുണ്ടാകുമെന്ന് ഉറപ്പാണ്. സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത മോശം ഫോമില്‍ കളിക്കുന്ന ശ്രേയസ് അയ്യര്‍ക്ക് തന്നെ. ആറ് ഇന്നിംഗ്‌സുകള്‍ കളിച്ചപ്പോള്‍ 33.5 ശരാശരിയില്‍ 134 റണ്‍സാണ് താരം നേടിയത്. ഓസ്‌ട്രേലിയക്കെതിരെ ആദ്യ മത്സരത്തില്‍ താരം റണ്‍സൊന്നുമെടുക്കാതെ പുറത്തായി. രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ പുറത്താവാതെ 25 റണ്‍സ്. മൂന്നാം മത്സരത്തില്‍ പാകിസ്ഥാനെതിരെ പുറത്താവാതെ 53 റണ്‍സും നേടി. പിന്നീടങ്ങോട്ട് താരത്തിന്റെ ഗ്രാഫ് താഴോട്ടായിരുന്നു. ബംഗ്ലാദേശിനെതിരെ 19 റണ്‍സിന് മടങ്ങിയ ശ്രേയസ് ന്യൂസിലന്‍ഡിനെതിരെ 33 റണ്‍സിനും പുറത്തായി. ഇന്നലെ ഇംഗ്ലണ്ടിനെതിരെ 16 പന്തില്‍ നാല് റണ്‍സിന് മാത്രമായിരുന്നു നേടിയത്.
താരം പ്ലയിംഗ് ഇലവനില്‍ വേണ്ടെന്ന ആവശ്യമാണ് ക്രിക്കറ്റ് ആരാധകര്‍ ഉന്നയിക്കുന്നത്. ടീം മാനേജ്‌മെന്റും ഇതിനെ കുറിച്ച് ആലോചിക്കുകയാണ്. ശ്രേയസിന് പകരം ഹാര്‍ദിക്കിനെ കൊണ്ടുവന്നേക്കും. ഹാര്‍ദിക് നേരത്തെ നാലാം നമ്പറില്‍ കളിച്ചിട്ടുള്ള താരമാണ്. ഇനി അല്ലെങ്കില്‍ തന്നെ കെ എല്‍ രാഹുലിനെ നാലാം നമ്പറില്‍ കളിപ്പിച്ച് ഹാര്‍ദിക്കിനെ അഞ്ചാമാനാക്കിയേക്കും. പിന്നാലെ സൂര്യകുമാര്‍ യാദവും രവീന്ദ്ര ജഡേജയും ബാറ്റിംഗിനെത്തും. സൂര്യ ഫോം തെളിയിച്ച സാഹചര്യത്തില്‍ ഒഴിവാക്കാന്‍ കഴിയില്ല.
ഹാര്‍ദിക് വരുമ്പോള്‍ ഇന്ത്യയുടെ സാധ്യത ഇലവന്‍: ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, സൂര്യുകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.