തൃക്കരിപ്പൂര്‍: ‘അകാന്തമീബ’ അണുബാധയെതുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥി മരിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.
എടാട്ടുമ്മല്‍ മോഡോൻ വളപ്പില്‍ എം.വി. സുരേഷിന്റെ മകൻ അനന്തസൂര്യ(15)നാണ് അപൂര്‍വ രോഗം ബാധിച്ചു മരിച്ചത്. കുട്ടി കുളിച്ചുവെന്ന് ബന്ധുക്കള്‍ അറിയിച്ച താമരക്കുളം, എടാട്ടുമ്മല്‍ ചീര്‍മക്കാവ് കുളം എന്നിവിടങ്ങള്‍ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു. ബന്ധപ്പെട്ടവര്‍ക്ക് ആരോഗ്യ സുരക്ഷ നിര്‍ദേശങ്ങള്‍ നല്‍കി. ചക്രപാണി ക്ഷേത്രത്തിലെ ജീവനക്കാരുമായി ചര്‍ച്ച നടത്തി. കുളങ്ങളില്‍ പരമാവധി ശുചിത്വം ഉറപ്പുവരുത്താൻ നിര്‍ദേശിച്ചു.
ആരോഗ്യവകുപ്പ് ടെക്നിക്കല്‍ അസിസ്റ്റന്റ് രാംദാസ്, മലേറിയ ഓഫിസര്‍ വേണുഗോപാല്‍, ഉടുമ്ബുന്തല കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. സഹദ് ഉസ്മാൻ, ഹെല്‍ത്ത് ഇൻസ്പെക്ടര്‍ എൻ.പി. ലിയാക്കത്തലി, എപിഡമിക് കണ്‍ട്രോള്‍ സെല്‍ ജെ.എച്ച്.ഐ മഹേഷ്, ജെ.എച്ച്.ഐ പ്രകാശൻ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
ബാധിക്കുന്നത് ലക്ഷങ്ങളില്‍ ഒരാള്‍ക്ക്
തൃക്കരിപ്പൂര്‍: കെട്ടിനില്‍ക്കുന്ന
ജലാശയങ്ങളില്‍ രോഗകാരികളായ മൂന്നുതരം അമീബകളെ കേരളത്തില്‍ കാണപ്പെടുന്നുണ്ട്. അകാന്തമീബ ബാധിച്ചാണ് ഇവിടെ മരണം സംഭവിച്ചത്. പത്തുലക്ഷത്തില്‍ ഒന്നോ രണ്ടോ പേരെയാണ് അമീബ മാരകമായി ബാധിക്കുന്നതെന്ന് ജില്ല ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. വാസു ആനന്ദ് അറിയിച്ചു. മൂക്കിനകത്തെ ശ്ലേഷ്മ സ്തരത്തിലൂടെയാണ് രോഗാണുവായ അമീബ അകത്തുകടക്കുന്നത്. കേരളത്തില്‍ വിവിധ പ്രദേശങ്ങളിലാണ് പലപ്പോഴായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു വര്‍ഷത്തിനിടെ അഞ്ചുപേരാണ് രോഗാണുവിന് കീഴടങ്ങിയത്. രോഗപ്രതിരോധ ശേഷി വളരെ കുറഞ്ഞവരിലാണ് മരണം ഉണ്ടായതെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നു.
പൊതുവേ ജലാശയങ്ങളില്‍ കാണപ്പെടുന്ന രോഗാണുവിനെതിരെ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാൻ സാധിക്കില്ല. ജലാശയങ്ങളില്‍ വെള്ളം കുറഞ്ഞ സമയത്ത് കുളിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും. പരാദ
സ്വഭാവമില്ലാതെ ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ രോഗാണുക്കള്‍ മനുഷ്യന്‍റെ ശരീരത്തില്‍ കടക്കുന്നതോടെ തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്ക ജ്വരം ഉണ്ടാക്കുന്നു. പനി,തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.
ഒരേ കുളത്തില്‍ കുളിച്ചവര്‍ക്ക് ആശങ്കക്ക് അടിസ്ഥാനമില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തലച്ചോറിനെ ബാധിച്ചാല്‍ രോഗമുക്തി അപൂര്‍വമാണ്. വൈറല്‍ പനി പോലെ പ്രതിരോധ ശേഷി കുറയുന്ന അസുഖങ്ങള്‍ ഉണ്ടായവര്‍ കലങ്ങിയ വെള്ളത്തില്‍ കുളിക്കാതിരിക്കുകയാണ് അഭികാമ്യം.