ഫോൺ ചോർത്തൽ വിവാദം; ആപ്പിൾ കമ്പനി അധികൃതരെ വിളിച്ച് വരുത്തും

ദില്ലി: ഫോൺ ചോർത്തൽ വിവാദത്തില്‍ ആപ്പിൾ കമ്പനി അധികൃതരെ വിളിച്ച് വരുത്തും. പാർലമെന്‍റ് ഐടി കമ്മിറ്റിയുടേതാണ് തീരുമാനം. ആപ്പിള്‍ കമ്പനിയുടെ വിശദീകരണം വ്യക്തമല്ലെന്ന് വിലയിരുത്തിയാണ് നീക്കം. പ്രതിപക്ഷ നേതാക്കള്‍ക്ക് പരാതിയുടെങ്കില്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് പാർലമെന്‍റ് ഐടി കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മഹുവ മൊയ്ത്ര ലോക്സഭ സ്പീക്കർക്ക് കത്ത് നൽകി.

അതേസമയം, വിവാദത്തില്‍ ചൈനയുടെ ഇടപെടല്‍ സംശയിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വന്ന വിവാദം കേന്ദ്രസര്‍ക്കാരിനെ വല്ലാതെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മുന്‍പ് നൂറ്റിഅന്‍പതോളം രാജ്യങ്ങളില്‍ പ്രചരിച്ച സന്ദേശം ഇപ്പോള്‍ ഇന്ത്യയില്‍, അതും പ്രതിപക്ഷ നേതാക്കളുടെ ഫോണുകളിലൂടെ പ്രചരിച്ചത് യാദൃശ്ചികമല്ലെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. ടാറ്റ ഇന്ത്യയില്‍ ആപ്പിള്‍ ഫോണുകള്‍ നിര്‍മ്മിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കമെന്നതും സര്‍ക്കാരിന്‍റെ സംശയം ബലപ്പെടുത്തുന്നു. ചൈനയുടെ ഇടപെടലാണ് സര്‍ക്കാര്‍ സംശയിക്കുന്നത്. ചൈന അനുകൂല നിലപാടുള്ള വ്യവസായി ജോര്‍ജ്ജ് സോറോസിന്‍റെ ആക്സെസ് നൗ എന്ന സ്ഥാപനം പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നാണ് ഉയരുന്ന ആക്ഷേപം. സുരക്ഷ മുന്നറിയിപ്പ് ആപ്പിളിന് നല്‍കിയത് ആക്സെസ് നൗ ആണെന്നാണ് ബിജെപി പറയുന്നത്. രാഹുല്‍ ഗാന്ധിയുമായി ബന്ധമുണ്ടെന്ന് ബിജെപി ആരോപിക്കുന്ന സോറോസിനെ വിവാദത്തിലേക്ക് കൊണ്ടുവന്ന് ആരോപണം പ്രതിപക്ഷത്തിന്‍റെ നേര്‍ക്ക് തിരിച്ചുവിടാന്‍ കൂടിയാണ് ബിജെപിയുടെ നീക്കം.