ആര്‍.എസ്.എസ് പഥസഞ്ചലനത്തിന് ഗ്രൗണ്ട്: മാടായി പഞ്ചായത്ത് പ്രസിഡന്‍റിന് ലീഗിന്‍റെ ശാസന

കണ്ണൂര്‍: ആര്‍.എസ്.എസ് പഥസഞ്ചലനത്തിന് ഗ്രൗണ്ട് ഉപയോഗിക്കാൻ അനുമതി നല്‍കിയ മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കായിക്കാരൻ സെയിദിനെ ജില്ല ഓഫിസില്‍ വിളിച്ചു വരുത്തി ജില്ല മുസ്‌ലിം ലീഗ് കമ്മിറ്റി പരസ്യമായി ശാസിച്ചു.

മാടായി പഞ്ചായത്തിന്‍റെ അധീനതയിലുള്ള ഗ്രൗണ്ടില്‍ ആര്‍.എസ്.എസ് പഥസഞ്ചലനം നടത്താൻ അനുവാദം നല്‍കിയതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തിലാണ് ലീഗ് ജില്ല കമ്മിറ്റിയുടെ നടപടി.

വര്‍ഗ്ഗീയ ഫാഷിസ്റ്റ് സംഘടനയായ ആര്‍.എസ്.എസിനോട് എക്കാലത്തും മുസ്‌ലിം ലീഗ് സ്വീകരിച്ചുവന്ന നയത്തിന് വിരുദ്ധമായി മുസ്‌ലിംലീഗ് ജനപ്രതിനിധി കൂടിയായ പഞ്ചായത്ത് പ്രസിഡൻ്റില്‍ നിന്ന് ഉണ്ടായ ജാഗ്രതക്കുറവ് പാര്‍ട്ടി ഗൗരവപൂര്‍വ്വം കാണുകയും പഞ്ചായത്ത് ഗ്രൗണ്ട് ആര്‍.എസ്.എസിന് ലഭിച്ചത് വലിയ വീഴ്ചയായി ജില്ല കമ്മിറ്റി വിലയിരുത്തുകയും ചെയ്തു. മേലില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

ആര്‍.എസ്.എസ് പഥസഞ്ചലനത്തിന് ഗ്രൗണ്ട് ഉപയോഗിക്കാൻ അനുമതി നല്‍കിയ മാടായി പഞ്ചായത്തിൻ്റെ നടപടിക്കെതിരെ സി.പി.എം ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നിരുന്നു.