കെട്ടിട നിര്‍മാണ തൊഴിലാളിയുടെ മരണം; കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു

പാറശ്ശാല: കെട്ടിടത്തില്‍നിന്നു വീണു മരിച്ച നിര്‍മാണ തൊഴിലാളിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയില്‍ ഒരിക്കല്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത് അടക്കം ചെയ്ത മൃതദേഹം റീപോസ്റ്റ് മോര്‍ട്ടത്തിനായി കല്ലറ തുറന്നു.

തിരുവനന്തപുരം മൈലച്ചല്‍ സ്വദേശി തോമസ് അഗസറ്റീനാഥിന്റെ (46) മരണത്തില്‍ ദൂരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയിലാണ് കുഴിമാടം തുറന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തിയത്. ഹൈകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കാരോടിലെ കുടുംബ വീട്ടിലെ കല്ലറ വീണ്ടും പൊളിച്ചത്.

2022 ഫെബ്രുവരി അഞ്ചിന് വിതുര തൊളിക്കോടില്‍ നിര്‍മാണത്തിലിരുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കോണ്‍ക്രീറ്റ് പണിക്ക് വീട്ടില്‍ നിന്നു പോയ തോമസ് അഗസ്റ്റീനാഥിനെ ബന്ധുക്കള്‍ പിന്നെ കാണുന്നത് മെഡിക്കല്‍ കോളജിലെ ഐ.സിയുവിലാണ്. തലക്ക് കുറുകെ 30 തുന്നിക്കെട്ടുകളും കൈകാലുകള്‍ ഒടിഞ്ഞ നിലയിലും മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ച യുവാവ് ഏഴാം ദിനം മരണമടഞ്ഞു.

തുടര്‍ന്ന് വിതുര പൊലീസ് അപകട മരണമെന്നനിഗമനത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍, സംഭവം നടന്നയിടത്ത് മരത്തടിയില്‍ തലമുടി കണ്ടതായും ഇതില്‍ തലക്ക് അടിച്ച്‌ വീഴ്ത്തിയതാണോ എന്ന സംശയത്തില്‍ ബന്ധുക്കള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പരിശോധനക്കായി റീപോസ്റ്റ്‌മോര്‍ട്ടവും പരിശോധനയില്‍ നടത്തിയത്.

കേസ് അവസാനിപ്പിച്ചതോടെയാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുന്നത്. തുടര്‍ന്ന് ഹൈകോടതി ഉത്തരവോടെ തിങ്കളാഴ്ച മൃതദേഹം പുറത്തെടുത്ത് വീണ്ടും പരിശോധിക്കുകയായിരുന്നു. ഭാര്യയും കുഞ്ഞുമുള്ള തോമസ് വിദേശത്ത് പോകാനായി ഒരു ദിവസം മാത്രമുള്ളപ്പോഴായിരുന്നു മരണം.