രാഷ്ട്രീയപ്പോരില്‍ ആയുസ്സില്ലാതെ കാത്തിരിപ്പ് കേന്ദ്രം

മല്ലപ്പള്ളി: വെണ്ണിക്കുളം-റാന്നി റോഡില്‍ വെണ്ണിക്കുളം ജങ്ഷനില്‍ ശനിയാഴ്ച തുറന്ന കാത്തിരിപ്പ് കേന്ദ്രം തൊട്ടടുത്ത ദിവസം സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു.

ആന്‍റോ ആന്‍റണി എം.പിയുടെ ഫണ്ടില്‍നിന്ന് അഞ്ച് ലക്ഷം രൂപ മുടക്കി നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം അദ്ദേഹം തന്നെയാണ് ഉദ്ഘാടനം ചെയ്തത്.

ശനിയാഴ്ച വൈകീട്ട് ഉദ്ഘാടനം ചെയ്ത കാത്തിരിപ്പ് കേന്ദ്രമാണ് ഞായറാഴ്ച രാവിലെ അടിച്ചുതകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. വെണ്ണിക്കുളം ജങ്ഷനു സമീപം സി.പി.എം ലോക്കല്‍ കമ്മിറ്റി നിര്‍മിച്ച കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമാണ് ആന്‍റോ ആന്‍റണിയും കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചത്. തൊട്ടടുത്ത് രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രം എന്തിനാണെന്ന ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നതിനിടയാണ് ശനിയാഴ്ച ആന്‍റോ ആന്‍റണിയും കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്.

സി.പി.എം ആസൂത്രിതമായി നടത്തിയ ആക്രമണമാണ് ഇതെന്ന് ആന്‍റോ ആന്‍റണി പറഞ്ഞു. പഞ്ചായത്തിന്‍റെയും പി.ഡബ്ല്യു.ഡിയുടെയും എൻ.ഒ.സിയും ജില്ല ഭരണകൂടത്തിന്‍റെ അനുമതിയും ലഭിച്ചശേഷം നിര്‍മിച്ച കാത്തിരിപ്പ് കേന്ദ്രം തകര്‍ത്തവര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. പൊലീസ് ഇക്കാര്യത്തില്‍ സത്യസന്ധമായി പ്രവര്‍ത്തിക്കണമെന്നും സ്വാധീനത്തിന് വശപ്പെടില്ലെന്ന് ഉറപ്പുവരുത്തണമെന്നും എം.പി പറഞ്ഞു.

ഭരണക്കാരുടെ അസഹിഷ്ണുതയും സങ്കുചിത രാഷ്ട്രീയവും വെച്ചുള്ള തരംതാഴ്ന്ന കളിയാണിതെന്നു കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാൻ ജോസഫ് എം. പുതുശ്ശേരി പറഞ്ഞു. എന്നാല്‍, ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസ് ഗ്രൂപ് തര്‍ക്കമാണെന്നാണ് സി.പി.എമ്മിന്‍റെ നിലപാട്. അക്രമികളെ കണ്ടെത്താൻ അന്വേഷണം ഊര്‍ജിതമാക്കിയതായി കോയിപ്രം എസ്.എച്ച്‌.ഒ പറഞ്ഞു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.