കൂറുമാറ്റം; തൊടുപുഴ നഗരസഭ കൗണ്‍സിലര്‍ മാത്യു ജോസഫിനെ ഹൈകോടതി അയോഗ്യനാക്കി

തൊടുപുഴ: നഗരസഭ 11ാം വാര്‍ഡ് കൗണ്‍സിലര്‍ മാത്യു ജോസഫിനെ കേരള ഹൈകോടതി അയോഗ്യനാക്കി വിധി പ്രസ്താവിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ് സ്ഥാനാര്‍ഥിയായി കഴിഞ്ഞ നഗരസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിച്ച മാത്യു ജോസഫ് 2021 സെപ്റ്റംബര്‍ 16ന് യു.ഡി.എഫില്‍നിന്ന് സി.പി.എമ്മിലേക്ക് കൂറുമാറിയതിനെ തുടര്‍ന്ന് കൗണ്‍സിലര്‍മാരായ അഡ്വ.ജോസഫ് ജോണ്‍, കെ. ദീപക് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈകോടതി വിധി.

ഹരജിക്കാര്‍ അഡ്വ. ജോസി ജേക്കബ് മുഖേന സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ മുമ്പാകെ മാത്യുവിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, മാത്യു ജോസഫ് കൂറുമാറിയ സമയം അദ്ദേഹത്തിന് വിപ്പ് നല്‍കിയിരുന്നില്ല എന്ന കാരണത്താല്‍ തെരഞ്ഞെടുപ്പ് കമീഷൻ ഹരജി തള്ളുകയും അതിനെതിരെ ഹരജിക്കാര്‍ ഹൈകോടതിയെ സമീപിക്കുകയുമായിരുന്നു.

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന സമയത്ത് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി ആയിരുന്നില്ലെന്നും അതിനാല്‍ തന്നെ കൂറുമാറ്റം നിലനില്‍ക്കില്ലെന്നുമുള്ള മാത്യു ജോസഫിന്‍റെ വാദം ഹൈകോടതി അംഗീകരിച്ചില്ല.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്

തെരഞ്ഞെടുപ്പ് നടന്ന വേളയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ് ഒരു രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു എന്ന് ഹൈകോടതി പ്രഖ്യാപിച്ചു. അതിനാല്‍ ജോസഫ് ഗ്രൂപ് സ്ഥാനാര്‍ഥികളായി മത്സരിച്ചവര്‍ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്കോ മറ്റ് മുന്നണിയിലേക്ക് കൂറുമാറിയാല്‍ അംഗങ്ങള്‍ അയോഗ്യരാകുന്നതാണ് ഹൈകോടതി വിധി.

തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ കൂറുമാറുന്നതിലൂടെ സര്‍ക്കാര്‍ ഖജനാവിന് ഉണ്ടാവുന്ന സാമ്പത്തിക നഷ്ടം കൂറുമാറിയവരില്‍നിന്ന് ഈടാക്കുന്നതിന് നിയമനിര്‍മാണം നടത്തുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കണമെന്നും ഹൈകോടതി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വിധിയില്‍ നിര്‍ദേശിച്ചു. ഹരജിക്കാര്‍ക്കുവേണ്ടി അഡ്വ. കെ.സി. വിൻസന്‍റ്, അഡ്വ. മാത്യു കുഞ്ചത്ത്, അഡ്വ. ജോസി ജേക്കബ് എന്നിവര്‍ ഹാജരായി.