ലോകകപ്പ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ, രോഹിത് ഇല്ല, കോലി ക്യാപ്റ്റൻ; 4 ഇന്ത്യൻ താരങ്ങൾ ടീമിൽ

മെല്‍ബണ്‍: ലോകകപ്പിലെ ലീഗ് ഘട്ടം പൂര്‍ത്തിയായതിന് പിന്നാലെ ലോകകപ്പിലെ ഏറ്റവും മികച്ച പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്ലാത്ത ടീമില്‍ വിരാട് കോലിയാണ് ക്യാപ്റ്റന്‍ എന്നതാണ് ശ്രദ്ധേയം. ലോകകപ്പില്‍ 500 ലേറെ റണ്‍സും തുടര്‍ച്ചയായി ഒമ്പത് വിജയങ്ങളും നേടിയ രോഹിത്തിനെ എന്തുകൊണ്ട് ക്യാപ്റ്റനാക്കിയില്ല എന്ന ചോദ്യവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റണ്‍ ഡി കോക്ക് ആണ് ക്രിക്കറ്റ് ഓസ്ട്രേലിയ തെര‍ഞ്ഞെടുത്ത ലോകകപ്പ് ടീമിലെ ഓപ്പണര്‍മാരിലൊരാള്‍. ഒമ്പത് കളികളില്‍ നാലു സെഞ്ചുറി അടക്കം 591 റണ്‍സാണ് ഡി കോക്ക് ഈ ലോകകപ്പില്‍ അടിച്ചെടുത്തത്. ഡി കോക്കിനൊപ്പം ഓപ്പണറായി ഇറങ്ങുന്നത് ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറാണ് എന്നതാണ് ശ്രദ്ധേയം. ഒമ്പത് കളികളില്‍ 499റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം.

മൂന്നാം നമ്പറില്‍ ന്യൂസിലന്‍ഡിന്‍റെ യുവതാരം രചിന്‍ രവീന്ദ്രയാണ് ഇറങ്ങുന്നത്. ഒമ്പത് കളികളില്‍ 565 റണ്‍സാണ് രചിന്‍ നേടിയത്. വിരാട് കോലിയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ തെരഞ്ഞെടുത്ത ലോകകപ്പിന്‍റെ ക്യാപ്റ്റനും നാലാം നമ്പറില്‍ ഇറങ്ങുന്ന ബാറ്ററും. ഒമ്പത് കളികളില്‍ രണ്ട് സെഞ്ചുറി ഉള്‍പ്പെടെ 594 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ ഒന്നാമതാണ് കോലി.

ദക്ഷിണാഫ്രിക്കയുടെ ഏയ്ഡന്‍ മാര്‍ക്രമാണ് അഞ്ചാമത്. ഒമ്പത് കളികളില്‍ 396 റണ്‍സാണ് മാര്‍ക്രം നേടിയത്. ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്‌വെല്ലാണ് ആറാം നമ്പറില്‍. ഏഴ് കളികളില്‍ ഒരു ഡബിള്‍ സെഞ്ചുറി ഉള്‍പ്പെടെ 397 റണ്‍സാണ് മാക്സ്‌വെല്‍ അടിച്ചെടുത്തത്.

ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ ജാന്‍സനാണ് പേസ് ഓള്‍ റൗണ്ടറായി ടീമിലുള്ളത്. എട്ട് മത്സരങ്ങളില്‍ 17 വിക്കറ്റെടുത്ത ജാന്‍സന്‍ 157 റണ്‍സും അടിച്ചെടുത്തു. രവീന്ദ്ര ജഡേജയാണ് കോലിക്ക് പുറമെ ലോകകപ്പ് ഇലവനില്‍ ഇം നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരം. എട്ടാം നമ്പറിലിറങ്ങുന്ന ജഡേജ ഒമ്പത് കളികളില്‍ 16 വിക്കറ്റും 111 റണ്‍സും നേടി.

മുഹമ്മദ് ഷമിയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ തെരഞ്ഞെടുത്ത ലോകകപ്പ് ടീമിലെ മൂന്നാമത്തെ ഇന്ത്യന്‍ താരം. അഞ്ച് മത്സരങ്ങളില്‍ 16 വിക്കറ്റാണ് ഷമി എറിഞ്ഞിട്ടത്. രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും ഇതിലുണ്ട്. ജഡേജക്ക് പുറമെ ആദം സാംപയാണ് ടീമിലെ രണ്ടാം സ്പിന്നര്‍. ഒമ്പത് കളികളില്‍ 17 വിക്കറ്റാണ് സാംപ നേടിയത്. ടീമിലെ മൂന്നാം പേസറായി ഇടം നേടിയത് ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയാണ്. ഒമ്പത് കളികളില്‍ 17 വിക്കറ്റാണ് ബുമ്ര എറിഞ്ഞിട്ടത്.