റിയാദ്: ഒ.ഐ.സി.സി സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും അറിയപ്പെടുന്ന പ്രവാസി സാമൂഹിക പ്രവര്‍ത്തകനുമായ സത്താര്‍ കായംകുളം (58) നിര്യാതനായി.
പക്ഷാഘാതം ബാധിച്ച് മൂന്നര മാസമായി റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞുവരുന്നതിനിടെ ഇന്ന് (ബുധൻ) വൈകിട്ട് 5.30 ഓടെയാണ് അന്ത്യം.
ഈ മാസം 18 ന് നാട്ടില്‍ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായിരുന്നു. കായംകുളം എരുവ കൊല്ലന്റയ്യത്ത് പരേതരായ ജലാലുദ്ദീന്റെയും ആയിഷാകുഞ്ഞിന്റെയും മകനാണ്.
32 വര്‍ഷമായി റിയാദില്‍ പ്രവാസിയായിരുന്നു. അര്‍റിയാദ് ഹോള്‍ഡിങ് കമ്ബനിയില്‍ 27 വര്‍ഷമായി ജീവനക്കാരനാണ്. റിയാദിലെ മലയാളി സമൂഹിക സംസ്കാരിക പ്രവര്‍ത്തനത്തിന്റെ തുടക്കക്കാരില്‍ ഒരാളാണ് സത്താര്‍ കായംകുളം. എംഇഎസ് റിയാദ് ചാപ്റ്റര്‍ സ്കോളര്‍ഷിപ്പ് വിങ്ങ് കണ്‍വീനര്‍, കായകുളം പ്രവാസി അസോസിയേഷൻ (കൃപ) രക്ഷാധികാരി പദവികള്‍ വഹിക്കുന്നു.
റിയാദിലെ മുഖ്യധാരാ സംഘടനകളുടെ പൊതു വേദിയായ എൻ.ആര്‍.കെ
ഫോറത്തിന്റെ വൈസ് ചെയര്‍മാനും, പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍ക യുടെ ചെയര്‍മാനുമായിരുന്നു സത്താര്‍ കായംകുളം.
ഭാര്യ: റഹ്മത്ത് അബ്ദുല്‍ സത്താര്‍, മക്കള്‍: നജ്മ അബ്ദുല്‍ സത്താര്‍ (ഐ.ടി എഞ്ചിനീയര്‍, ബംഗളുരു), നജ്ല അബ്ദുല്‍ സത്താര്‍ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി), നബീല്‍ മുഹമ്മദ് (അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി) സഹോദരൻ അബ്ദുല്‍ റഷീദ് റിയാദില്‍ ഉണ്ട്.