ധൻബാദ്: ഝാര്‍ഖണ്ഡിലെ പഞ്ചേത് അണക്കെട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ മാലയിട്ട് സ്വീകരിച്ചത് വഴി വിവാദത്തിലായ ബുധ്നി മെജാൻ (85) അന്തരിച്ചു.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പഞ്ചേതിനെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. ബുധ്നിയുടെ സംസ്കാര ചടങ്ങുകള്‍ പഞ്ചേത് ഘട്ടില്‍ നടന്നു. സി.ഐ.എസ്.എഫ് ജവാന്മാര് ഭൗതിക ശരീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
1959 ഡിസംബര്‍ ആറിന് ദാമോദര്‍ നദിയില്‍ നിര്‍മിച്ച അണക്കെട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ നെഹ്റുവിനെ മാലയിട്ട് സ്വീകരിച്ചത് ആദിവാസി വിഭാഗത്തില്‍പ്പെട്ട ബുധ്നി മെജാൻ ആയിരുന്നു. തന്നെ സ്വീകരിക്കാൻ ഉപയോഗിച്ച മാല നെഹ്റു തിരികെ ബുധ്നിയുടെ കഴുത്തില്‍ ഇടുകയും ചെയ്തു. തുടര്‍ന്ന് ഹൈഡല്‍ സ്വിച്ച് അമര്‍ത്തി അണക്കെട്ട് രാഷ്ട്രത്തിന് സമര്‍പ്പിച്ചത് നെഹ്റുവും ബുധ്നിയും ചേര്‍ന്നായിരുന്നു.
നെഹ്റുവിനെ മാലയിട്ട സംഭവത്തില്‍ ബുധ്നിയെ സാന്താള്‍ ഗോത്ര വിഭാഗം ഊരുവിലക്ക് ഏര്‍പ്പെടുത്തി. മാലയിട്ടത് വഴി ബുധ്നി നെഹ്റുവിനെ വിവാഹം കഴിച്ചെന്നായിരുന്നു ഉയര്‍ന്ന ആരോപണം. ഇതേതുടര്‍ന്ന് നെഹ്റുവിന്റെ ഭാര്യ എന്നാണ് ബുധ്നി അറിയപ്പെട്ടിരുന്നത്. തുടര്‍ന്ന് ഏറെ നാള് സമൂഹത്തില്‍ ഒറ്റപ്പെട്ട അവരെ കാണാതായി.
ഏറെ നാളുകള്‍ക്ക് ശേഷം സംഭവം അറിഞ്ഞ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ബുധ്നിക്ക് ദാമോദര്‍വാലി കോര്‍പറേഷനില്‍ ജോലി നല്‍കുകയായിരുന്നു. പിന്നീട് വിവാഹിതയായ ബുധ്നിക്ക് ഒരു മകളും ഒരു മകനുമുണ്ട്. ബുധ്നിയുടെ ഗ്രാമം മൻഭും ജില്ലയിലെ ഖൈര്ബാനയിലായിരുന്നു. എന്നാല്‍, പഞ്ചേത് അണക്കെട്ട് നടപ്പാക്കുന്നതിനായി പദ്ധതി പ്രദേശത്ത് നിന്ന് മാറ്റിസ്ഥാപിക്കപ്പെട്ടു.