പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 18 വര്‍ഷം തടവ് ശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ വയോധികനായ പ്രതിക്ക് 18വര്‍ഷം തടവും, 90,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.

കറുകച്ചാല്‍ കൂത്രപള്ളി മിസംപടി ഭാഗത്ത് പടനിലം വീട്ടില്‍ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന ജോര്‍ജ് വര്‍ഗീസ് (64) എന്നയാളെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ (പോക്സോ ) കോടതി ശിക്ഷ വിധിച്ചത്.

ജഡ്ജി പി.എസ് സൈമയാണ് വിധി പ്രസ്താവിച്ചത്. ഇയാള്‍ 2022 – ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കറുകച്ചാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, അന്നത്തെ ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി ആയിരുന്ന ആര്‍. ശ്രീകുമാറിെൻറ നേതൃത്വത്തില്‍ ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. വിധി പ്രകാരം പിഴ അടക്കാത്ത പക്ഷം ഒന്‍പത് മാസം അധിക തടവ് അനുഭവിക്കേണ്ടി വരും.