അപ്രതീക്ഷിത മഴ; ആശങ്കയില്‍ കര്‍ഷകര്‍

കല്‍പറ്റ: വിളവെടുപ്പ് സമയത്തുണ്ടാവുന്ന അപ്രതീക്ഷിത മഴ കര്‍ഷകരെ ആശങ്കയിലാക്കുന്നു. നെല്ല് വിളവെടുപ്പ് സമയത്ത് മഴ പെയ്യുന്നത് കൊയ്തെടുക്കുന്നതിനും ഉണക്കുന്നതിനും പ്രതിസന്ധി സൃഷ്ടിക്കും.

കാപ്പി, കുരുമുളക് തുടങ്ങിയവയുടെയെല്ലാം വിളവെടുപ്പ് സീസണാണിപ്പോള്‍. ഇവയെല്ലാം ഉണക്കണമെങ്കില്‍ നല്ല വെയില്‍ വേണം. നെല്‍പാടങ്ങളില്‍ കൊയ്തിട്ട നെല്‍കതിരുകള്‍ നനഞ്ഞാല്‍ അത് നശിക്കുന്നതിന് കാരണമാകും. മഴ പെയ്തതിനെ തുടര്‍ന്ന് വിളവെടുപ്പിന് മുമ്ബെ ജില്ലയിലെ പല കാപ്പിത്തോട്ടങ്ങളും പൂക്കാൻ തുടങ്ങിയിട്ടുണ്ട്. മഴമൂലം ഇവയെല്ലാം വിളവെടുപ്പ് സമയത്ത് നശിക്കാൻ കാരണമാകും. ഇത് അടുത്തവര്‍ഷത്തെ വിളവെടുപ്പിനെ കാര്യമായി ബാധിക്കാനും സാധ്യതയുണ്ട്. വിളവെടുത്ത ഉല്‍പന്നങ്ങള്‍ ശരിയായി ഉണക്കാൻ സാധിച്ചില്ലെങ്കില്‍ ന്യായമായ വില ലഭിക്കില്ല. നിരവധി തോട്ടങ്ങളില്‍ കുരുമുളകിന് മഞ്ഞളിപ്പ് രോഗം വ്യാപകമായിട്ടുണ്ട്. കാലംതെറ്റിയുള്ള മഴ ഭീഷണിയും കര്‍ഷകരെ ആശങ്കയിലാക്കുകയാണ്.