പാക് പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഹിന്ദു വനിത

ഇസ്ലാമാബാദ്: പാകിസ്താൻ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഹിന്ദു വനിത. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ബുനര്‍ ജില്ലയില്‍ നിന്ന് മത്സരിക്കുന്ന ആദ്യ ഹിന്ദു വനിതയാണ് ഡോ.സവീര പ്രകാശ്.

സവീര പ്രകാശ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്താൻ പിപ്പിള്‍സ് പാര്‍ട്ടിയുടെ വനിതാ വിഭാഗം ജില്ല ജനറല്‍ സെക്രട്ടറിയാണ് സവീര. 2024 ഫെബ്രുവരി 8ന് നടക്കാനിരിക്കുന്ന പാകിസ്താൻ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് സവീര പ്രകാശ്.

പാക്കിസ്താനിലെ അബോട്ടാബാദ് ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കോളജില്‍ നിന്ന് 2022-ല്‍ എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ സവീര ജനസേവനം തന്റെ രക്തത്തിലുള്ളതാണെന്നാണ് പറ‍യുന്നത്. വിരമിച്ച ഡോക്ടറായ അച്ഛൻ ഓം പ്രകാശ് കഴിഞ്ഞ 35 വര്‍ഷമായി പാകിസ്താൻ പിപ്പിള്‍സ് പാര്‍ട്ടിയുടെ സജീവ അംഗമാണ്.

ഡോക്ടര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ മോശം അവസ്ഥ അനുഭവിച്ചതില്‍ നിന്നാണ് നിയമസഭാംഗമാകാനുള്ള മോഹം ഉണ്ടായതെന്നും പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കുന്ന പിതാവിന്‍റെ പാത പിൻതുടരാൻ ആഗ്രഹിക്കുന്നതായും സവീര പറ‍യുന്നു.

പാകിസ്താൻ തെരഞ്ഞെടുപ്പ് കമീഷൻ പൊതു സീറ്റുകളില്‍ വനിതാ സ്ഥാനാര്‍ഥികള്‍ക്ക് കുറഞ്ഞത് അഞ്ച് ശതമാനം പ്രാതിനിധ്യം നിര്‍ബന്ധമാക്കിയിട്ടുണ്ട്.