കൊച്ചി∙ ക്രിപ്റ്റോ കറന്‍സി, ഒടിടി പ്ലാറ്റ്ഫോം എന്നിവയുടെ മറവില്‍ ഹൈ റിച്ച് എംഡി വി.ഡി.പ്രതാപനും ഭാര്യയും സിഇഒയുമായ ശ്രീനയും തട്ടിയത് 2300 കോടി രൂപയെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി).ഈ കണക്കുകള്‍ ഇ.ഡി. പുറത്തുവിട്ടിരിക്കയാണ്. പുതിയ സാഹചര്യത്തില്‍ തട്ടിപ്പ് നടത്തിയ തുകയില്‍ ഏറെയും വിദേശത്തേക്കു കടത്തിയ ഉടമകള്‍, കാനഡയില്‍ രൂപവല്‍കരിച്ച കമ്ബനിക്ക് പിന്നാലെയും ഇ.ഡി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ഇ.ഡി.യുടെ റെയ്ഡിന് മുൻപ് രക്ഷപ്പെട്ട ഹൈറിച്ച് ഉടമകളായ പ്രതാപനും ശ്രീനക്കുമായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഹൈ റിച്ചിെൻറ ഹെഡ് ഓഫീസ്, തൃശൂരിലെയും എറണാകുളത്തെയും ശാഖകള്‍, ഉടമകളുടെ വീടുകള്‍ എന്നിവിടങ്ങളിലായിരുന്നു കഴിഞ്ഞ ദിവസം ഇ.ഡിയുടെ റെയ്ഡ് നടത്തിയത്.
ഇവർ, സമാഹരിച്ചതില്‍ 482 കോടി രൂപശേഖരിച്ചത് ക്രിപ്റ്റോ കറൻസി വഴിയാണെന്നും ഇ.ഡി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പ്രതികളുടെ ഇടപാടുകള്‍ക്ക് ഇടനിലക്കാരായ 10 പൊലീസുകാരും ഉന്നത രാഷ്ട്രീയ നേതാക്കളും അന്വേഷണ പരിധിയിലാണ്. ഇതിനിടെ, അറസ്റ്റ് സാധ്യത കണക്കിലെടുത്ത് പ്രതികള്‍ മുൻജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കോടതിയില്‍ പ്രതികള്‍ക്കെതിരെ സമാനകേസുള്ള വിവരം ഇ.ഡി. അറിയിക്കും.
ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് ഹൈറിച്ച് ഓണ്‍ലൈൻ ഉടമകളായ കെ.ഡി. പ്രതാപനും ശ്രീനക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഉടമകളുടെ വീട്ടിലും ഓഫിസിലും ഇ.ഡി നടത്തിയ റെയ്ഡ് മണിക്കൂറുകള്‍ നീണ്ടുനിന്നു.
ഇ.ഡി എത്തുന്നതിന് തൊട്ടുമുമ്ബ് കമ്ബനി എം.ഡി കെ.ഡി. പ്രതാപൻ, സി.ഇ.ഒ കൂടിയായ ഭാര്യ ശ്രീന പ്രതാപൻ, ഡ്രൈവർ ശരണ്‍ എന്നിവർ കടന്നുകളഞ്ഞു. ലാഭവിഹിതവും മറ്റാനുകൂല്യങ്ങളും നല്‍കുമെന്ന് വിശ്വസിപ്പിച്ച് നിക്ഷേപം സ്വീകരിച്ച പ്രതികള്‍ ഇത് വിദേശത്തേക്ക് കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നെടുപുഴ വലിയാലുക്കലിലെ വീട്ടിലും ചേർപ്പിലെ ഷോപ്പിലും ഇ.ഡി റെയ്ഡ് നടത്തിയത്.
3000 പേരില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വീതം വാങ്ങി സ്വരൂപിച്ച 150 കോടിയില്‍ 100 കോടി ഹവാല ഇടപാടുകള്‍ വഴി വിദേശത്തേക്ക് കടത്തിയെന്നാണ് പരാതി. യു.കെ ആസ്ഥാനമായി കമ്ബനി രജിസ്റ്റർ ചെയ്ത് ബിറ്റ് കോയിൻ ഇടപാടുകള്‍ വഴിയും തട്ടിപ്പ് നടത്തി. 15 സംസ്ഥാനങ്ങളിലായി കമ്ബനിക്കുള്ള 69 അക്കൗണ്ടുകളുടെ വിവരങ്ങളും ഇ.ഡി പരിശോധിച്ച് വരികയാണ്.