തിരുവനന്തപുരം: നിർമ്മാണത്തിലിരിക്കുന്ന വീടുകളില്‍ നിന്നും വയറുകളും പ്ലംബിങ് സാധനങ്ങളും മോഷ്ടിക്കുന്ന പ്രതി പിടിയില്‍.മണ്ണന്തല, ഇടയലക്കോണം സ്വദേശിയായ വട്ടിയൂർകാവ്, മൂന്നാംമൂട് വാടകയ്ക്ക് താമസിക്കുന്ന വിഷ്ണു .എല്‍ (33) നെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്.
പോത്തൻകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടു സ്ഥലങ്ങളില്‍ നിന്നായി ലക്ഷകണക്കിന് രൂപയുടെ വയറുകളും പ്ലംബിംഗ് സാധനങ്ങളുമാണ് മോഷ്ടിച്ചത്. വീടുകളില്‍ പ്ലംബിംഗ് ജോലിക്ക് എത്തിയ ശേഷം പ്രദേശത്തെ പുതുതായി നിർമ്മിക്കുന്ന വീടുകള്‍ കണ്ടുപിടിച്ച് രാത്രികാലങ്ങളില്‍ ഇവിടെയെത്തി വയറുകളും പ്ലംബിംഗ് സാധനങ്ങളും മോഷ്ടിക്കുന്നതാണ് രീതി.
മോഷ്ടിച്ച സാധനങ്ങള്‍ വയറുകളില്‍ നിന്നും ചെമ്ബ് കമ്ബി വേർതിരിച്ച് ആക്രിക്കടകളില്‍ വില്‍ക്കും. പരാതിയുടെ അടിസ്ഥാനത്തില്‍ സമീപത്തെ സിസി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടർന്നാണ് പ്രതി സഞ്ചരിച്ച സ്കൂട്ടറിന്റെ നമ്ബർ പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മണ്ണന്തലയില്‍ നിന്നും അറസ്റ്റ് ചെയ്തത്.
പ്രതിയുടെ വീട്ടില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ വയറുകളും പ്ലംബിംഗ് സാധങ്ങളും പൊലീസ് കണ്ടെത്തി. വയറുകള്‍ മോഷ്ടിച്ചു കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിക്കെതിരെ നേമം , മണ്ണന്തല, കഴക്കൂട്ടം, ശ്രീകാര്യം സ്റ്റേഷനുകളില്‍ സമാനമായ കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം എസ് എച്ച് ഒ രാജേന്ദ്രൻ നായർ, എസ് ഐ സായി സേനൻ പി സി ,എ എസ് ഐ മാരായ രാജേഷ്, അരുണ്‍ രാജ്, ശ്രീലേഖ സി പി ഒ മാരായ ഷിബുലാല്‍ ഗോഗുല്‍ രാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.