ബാര്‍ബഡോസ്: ടി20 ലോകകപ്പിലെ ആദ്യ സൂപ്പര്‍ 8 പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ആധികാരിക ജയം നേടിയെങ്കിലും ടീം ഇന്ത്യക്ക് തലവേദനയായി മധ്യനിരയില്‍ ശിവം ദുബെയുടെ മോശം പ്രകടനം തുടരുന്നു.അമേരിക്കക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ 35 പന്തില്‍ 31 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ദുബെ അഫ്ഗാനെതിരെയും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ഇന്നലെ അഫ്ഗാനെതിരെ ഏഴ് പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായ ദുബെ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.
തുടര്‍ച്ചയായി നിറം മങ്ങിയിട്ടും ശിവം ദുബെക്ക് പകരം മലയാളി താരം സഞ്ജു സാംസണെ പരീക്ഷിക്കാൻ ടീം മാനേജ്മെന്‍റ് ഇതുവരെ തയാറായിട്ടുമില്ല. 22ന് നടക്കുന്ന ബംഗ്ലാദേശിനെതിരായ രണ്ടാമത്തെ സൂപ്പര്‍ 8 പോരാട്ടത്തിലെങ്കിലും സഞ്ജുവിന് മധ്യനിരയില്‍ അവസരം ലഭിക്കുമോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ അതിനുള്ള സാധ്യത കുറവാണെന്നാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.
അഫ്ഗാനെതിരായ ജയത്തിനുശേഷം സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് അന്തിമ ഇലവനെ തെരഞ്ഞെടുക്കുന്നതെന്ന് വ്യക്തമാക്കിയ രോഹിത് സ്പിന്നര്‍മാരെ തുണക്കുന്ന പിച്ചായിരുന്നതിനാലാണ് കുല്‍ദീപിന് അവസരം നല്‍കിയതെന്നും പേസര്‍മാരെ തുണക്കുന്ന പിച്ചാണെങ്കില്‍ വീണ്ടും പ്ലേയിംഗ് ഇലവനില്‍ മാറ്റം വരാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ബാറ്റിംഗ് നിരയില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിനെക്കുറിച്ചോ ശിവം ദുബെയുടെ മോശം ഫോമിനെക്കുറിച്ചോ ക്യാപ്റ്റന്‍ ഒന്നും പറഞ്ഞില്ല.
മൂന്നാം നമ്ബറിലിറങ്ങുന്ന റിഷഭ് പന്ത് കഴിഞ്ഞാല്‍ മധ്യനിരയില്‍ ഇറങ്ങുന്ന ഇടം കൈയന്‍ ബാറ്ററാണെന്നതും സ്പിന്നര്‍മാര്‍ക്കെതിരെ തകര്‍ത്തടിക്കാന്‍ കഴിയുമെന്നതായിരുന്നു ദുബെക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കാനുള്ള കാരണമായി ടീം മാനേജ്മെന്‍റെ ചൂണ്ടിക്കാട്ടിയിരുന്നത്. ഓള്‍ റൗണ്ടറെന്ന നിലയില്‍ ഒന്നോ രണ്ടോ ഓവര്‍ പന്തെറിയാനും ദുബെക്കാവുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ടൂര്‍ണമെന്‍റില്‍ കളിച്ച നാലു കളികളില്‍ ഒരു മത്സരത്തില്‍ ഒരോവര്‍ മാത്രമാണ് ദുബെ ഇതുവരെ പന്തെറിഞ്ഞത്.
15 അംഗ ടീമില്‍ നിന്നൊഴിവാക്കപ്പെട്ട ഇടം കൈയന്‍ ബാറ്റര്‍ കൂടിയായ റിങ്കു സിംഗ് ട്രാവലിംഗ് റിസര്‍വ് താരമായി ഗ്യാലറിയിലിരുന്ന് കളി കാണുകയും സഞ്ജുവിന് ഒരു തവണ പോലും അവസരം നല്‍കാതിരിക്കുകയും ചെയ്യുമ്ബോള്‍ ശിവം ദുബെ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും വീണ്ടും വീണ്ടും അവസരം നല്‍കുന്നതിനെതിരെ വിമര്‍ശനം ഉയരുന്നുമുണ്ട്. അതേസമയം, ശിവം ദുബെക്ക് പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും മോശം പ്രകടനങ്ങളും ആരാധകര്‍ ചര്‍ച്ചയാക്കുന്നുണ്ട്. മധ്യനിരയില്‍ രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ് ഫോമാണ് മറ്റൊരു തലവേദന.