‘അയാം സോറി മമ്മീ, പപ്പാ…സമ്മര്‍ദ്ദം താങ്ങാനാകുന്നില്ല’; കത്തെഴുതിവെച്ച്‌ ഐഎഎസ് പരിശീലന വിദ്യാര്‍ഥി ജീവനൊടുക്കി

ദില്ലി: ജീവനൊടുക്കിയ ഐഎഎസ് പരിശീലന വിദ്യാർഥിയുടെ ആത്മഹത്യാക്കുറിപ്പ് ചർച്ചയാകുന്നു. മാനസിക സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും വിദ്യാർഥികളില്‍ നിന്ന് വീട്ടുടമകള്‍ അമിത വാടക ഈടാക്കുകയാണെന്നും വ്യക്തമാക്കിയാണ് കുറിപ്പെഴുതിയ ശേഷം ദില്ലിയിലെ ഓള്‍ഡ് രജീന്ദർ നഗറിലെ താമസ സ്ഥലത്താണ് 26കാരിയായ അഞ്ജലി ഗോപ്നാരായണ്‍ എന്ന പരിശീലന വിദ്യാർഥി ജീവനൊടുക്കിയത്.മഹാരാഷ്ട്രയിലെ അലോക് ജില്ലക്കാരിയാണ് അഞ്ജലി. താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും കരകയറാൻ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും അഞ്ജലി മാതാപിതാക്കള്‍ക്കുള്ള കുറിപ്പില്‍ വ്യക്തമാക്കി.

‘അയാം സോറി മമ്മീ, പപ്പാ’ എന്ന അഭിസംബോധനയോടെയാണ് കത്ത് തുടങ്ങുന്നത്. വിദ്യാർഥികളില്‍ നിന്ന് വാടകക്കാർ കൊള്ളയാണ് നടത്തുന്നതെന്നും ‌വാടക കുറയ്ക്കാൻ സർക്കാർ ഇടപെടണമെന്നും അഞ്ജലി കത്തില്‍ പറഞ്ഞു. ആവശ്യത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. നിരവധി ചെറുപ്പക്കാരാണ് തൊഴിലിന് വേണ്ടി ബുദ്ധിമുട്ടുന്നത്. ആദ്യ അവസരത്തില്‍ തന്നെ സിവില്‍ സർവീസ് നേടണമെന്നായിരുന്നു എന്റെ സ്വപ്നം. പക്ഷേ എന്റെ മാനസികാരോഗ്യം വളരെ മോശമാണ്. ആത്മഹത്യ പരിഹാരമല്ലെന്ന് അറിയാം. പക്ഷെ എന്റെ മുന്നില്‍ മറ്റ് മാർഗമില്ല. എന്നെ പിന്തുണച്ച അങ്കിളിനും ആന്റിക്കും നന്ദി’- അഞ്ജലി കുറിച്ചു.

നേരത്തെ, ദില്ലിയില്‍ ഐഎഎസ് കോച്ചിംഗ് സെന്ററിലുണ്ടായ അപകടത്തില്‍ മലയാളിയടക്കം മൂന്ന് വിദ്യാർത്ഥികള്‍ മരിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് ചര്‍ച്ചയായത്. കെട്ടിടത്തിന്‍റെ ബേസ്മെന്‍റില്‍ ഏഴടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. സിവില്‍ സര്‍വീസ് അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ട് പേരാണ് സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. ദേശീയ ദുരന്ത നിവാരണ സേന കെട്ടിടത്തില്‍ കുടുങ്ങിയിരുന്ന 14 പേരെ രക്ഷപ്പെടുത്തി. റാവു സിവില്‍ സർവീസ് അക്കാദമിയുടെ ലൈബ്രറി ആണ് ബേസ് മെൻ്റില്‍ പ്രവർത്തിച്ചിരുന്നത്. സംഭവ സമയത്ത് മുപ്പത് വിദ്യാർത്ഥികളാണ് ഇവിടെ ഉണ്ടായിരുന്നതെന്നും ഇതില്‍ മൂന്ന് പേർ വെള്ളക്കെട്ടില്‍ കുടുങ്ങി മരിച്ചത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അതിജീവിക്കാൻ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, വിളിക്കൂ 1056)