ചലച്ചിത്ര മേഖലയിൽ നിന്നും വയനാടിന് കൈത്താങ്ങായി നിരവധി പേർ

ഉരുള്‍പൊട്ടല്‍ കശക്കിയെറിഞ്ഞ വയനാട് ചൂരല്‍മല, മുണ്ടക്കൈ മേഖലകളുടെ പുനർനിർമാണത്തിന് നാടിന്റെ നാനാതുറകളില്‍നിന്നും സഹായം പ്രവഹിക്കുന്നു.

ചലച്ചിത്രമേഖലയില്‍നിന്ന് നിരവധി പേരാണ് വയനാടിന് കൈത്താങ്ങായി എത്തിക്കൊണ്ടിരിക്കുന്നത്. തെലുങ്ക് സൂപ്പർതാരം പ്രഭാസാണ് അതില്‍ ഏറ്റവും പുതുതായി രംഗത്തെത്തിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപയാണ് സംഭാവന നല്‍കിയത്. കേരളം നേരിട്ട ഏറ്റവും ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചതെന്നും ഈ സാഹചര്യത്തില്‍ എല്ലാവരും കേരളത്തിനൊപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു. നേരത്തെ പ്രളയകാലത്തും കേരളത്തിന് പ്രഭാസ് സാമ്ബത്തിക പിന്തുണ നല്‍കിയിരുന്നു.

 

തെലുങ്ക് സിനിമാ മേഖലയില്‍നിന്ന് നേരത്തേ അല്ലു അർജുൻ, ചിരഞ്ജീവി, രാംചരണ്‍ തേജ എന്നിവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് അല്ലു അർജുൻ സംഭാവന നല്‍കിയത്. ഒരുകോടി രൂപയാണ് ചിരഞ്ജീവിയും രാംചരണും ചേർന്ന് സംഭാവന ചെയ്തത്.

മമ്മൂട്ടി, മോഹൻലാല്‍, ദുല്‍ഖർ സല്‍മാൻ, ടൊവിനോ, ഫഹദ് ഫാസില്‍, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുല്‍ഖർ സല്‍മാനും 35 ലക്ഷം രൂപ കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുല്‍ഖർ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. നടന്മാരായ കമല്‍ഹാസൻ, വിക്രം എന്നിവർ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നല്‍കി. ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷമാണ് സംഭാവനചെയ്തത്.