ഒഡീഷ സ്വദേശി നാട്ടില്‍ പോയി തിരികെവന്നാല്‍ പിന്നെ കറക്കം, വീണ്ടും നാട്ടിലേക്ക്, സംശയം ശരിയായി, പിടിച്ചത് കഞ്ചാവ്

കോഴിക്കോട്: മാങ്കാവിലും പരിസര പ്രദേശങ്ങളിലും കറങ്ങി നടന്ന് വ്യാപകമായി കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ ഒഡീഷ സ്വദേശിയെ ഫറോക്ക് എക്‌സൈസ് പിടികൂടി.ഇയാളില്‍ നിന്ന് 800 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. സുശാന്ത് കുമാര്‍ സ്വയിന്‍(35) ആണ് അറസ്റ്റിലായത്. കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി വലയിലായത്. കോടതിയില്‍ ഹാജരാക്കിയ സുശാന്ത് കുമാറിനെ റിമാൻഡ് ചെയ്തു.

നാട്ടില്‍ നിന്ന് തിരികേ വരുമ്ബോള്‍ കഞ്ചാവും കൊണ്ടുവരുന്നതാണ് ഇയാളുടെ രീതി. മാങ്കാവിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫറോക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി കെ നിഷില്‍ കുമാര്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മില്‍ട്ടണ്‍, പ്രവന്റീവ് ഓഫീസര്‍മാരായ രഞ്ജന്‍ ദാസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സുശാന്തിനെ പിടികൂടിയത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പരിശോധന ശക്തമാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.