ഇന്നും നാളെയും അതിശക്തമായ മഴക്ക് സാധ്യത;14 ജില്ലകളിലും മുന്നറിയിപ്പ്, വയനാട് അടക്കം 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്ററ് 17നും വടക്കൻ ജില്ലകളില്‍ ഉള്‍പ്പെടെ കനത്ത മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിചിട്ടുള്ളത്.ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അതിശക്തമായ മഴ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മറ്റു 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുമുണ്ട്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
നാളെ (ആഗസ്റ്റ് 16) പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു 12 ജില്ലകളിലും നാളെ യെല്ലോ അലര്‍ട്ടാണ്. ആഗസ്റ്റ് 17ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്കുശേഷം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്‌ക്കും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നല്‍ – ജാഗ്രത നിർദ്ദേശങ്ങള്‍
2024 ആഗസ്റ്റ് 18 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ (പരമാവധി 50 kmph വരെ) വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യൻ്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുൻകരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.