7 വയസുകാരന്റെ തുടയില്‍ മറ്റൊരാള്‍ക്ക് കുത്തിവയ്പ്പെടുത്ത സൂചി കുത്തിക്കയറിയ സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയില്‍ ഏഴ് വയസുകാരന്റെ തുടയില്‍ മറ്റൊരാള്‍ക്ക് കുത്തിവയ്പ്പെടുത്ത സൂചി തുളച്ചുകയറിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.ആശുപത്രി ജില്ലാ മെഡിക്കല്‍ ഓഫീസർക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നല്‍കിയത്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

രണ്ടാഴ്ചമുമ്ബാണ് സംഭവം. പനി ബാധിച്ച്‌ കായംകുളം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയ കുട്ടിയെ കട്ടിലില്‍ കിടത്തിയപ്പോഴാണ് സൂചി തുളച്ചുകയറിയത്. മറ്റേതോ രോഗിക്ക് കുത്തിവയ്പ്പെടുത്ത സൂചിയാണ് കട്ടിലിലുണ്ടായിരുന്നത്. ഒരു രോഗിയെ മാറ്റി മറ്റൊരു രോഗിയെ കിടത്തുന്നതിന് മുമ്ബ് കിടക്കവിരി ഉള്‍പ്പെടെ മാറ്റി ശുചീകരണം നടത്തണം. ആശുപത്രി ജീവനക്കാരുടെ അലംഭാവം കാരണമാണ് സൂചി തുളച്ചുകയറിയതെന്ന് പരാതിയുണ്ട്. സൂചി തുളച്ചുകയറിയതിനാല്‍ എച്ച്‌ ഐ വി അടക്കമുള്ള പരിശോധനകള്‍ നടത്തേണ്ട അവസ്ഥയിലാണ് കുട്ടി. 14 വയസുവരെ പരിശോധനകള്‍ തുടരണമെന്നാണ് പറയുന്നതെന്ന് മനസിലാക്കുന്നുവെന്നും മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.

അധികൃതരുടെ അനാസ്ഥ മൂലം 14 വർഷം വരെ കുഞ്ഞിന് എച്ച്‌ഐവി ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തേണ്ട ഗതികേടിലാണ് കുടുംബം. കായംകുളം ചിറക്കടവം സ്വദേശികളായ കുടുംബത്തിനാണ് ദുരവസ്ഥയുണ്ടായത്. എന്നാല്‍ പരാതി നല്‍കിയിട്ടും ഇടപെടാതെ ഒഴിഞ്ഞുമാറുകയാണ് ആരോഗ്യവകുപ്പ്. കായംകുളം ചിറക്കടവം സ്വദേശികളായ മാതാപിതാക്കളുടെ ഏഴ് വയസ്സുള്ള ആണ്‍കുഞ്ഞിൻ്റെ തുടയിലാണ് സിറിഞ്ച് സൂചി തുളച്ച്‌ കയറിയത്.

കഴിഞ്ഞ മാസം 19 ന് കായംകുളം താലൂക്കാശുപത്രിയില്‍ പനി ബാധിച്ച്‌ എത്തിയതായിരുന്നു കുട്ടി. കുട്ടിയെ അത്യാഹിത വിഭാഗത്തിലെ കട്ടിലില്‍ കിടത്തിയപ്പോഴാണ് മറ്റ് ഏതോ രോഗികള്‍ക്ക് കുത്തിവെയ്പ്പ് നടത്തിയ സൂചി തുടയ്ക്ക് മുകളില്‍ തുളച്ച്‌ കയറിയത്. ഏത് രോഗിയെ കുത്തി വച്ച സൂചിയാണ് കുഞ്ഞിന്റെ തുടയില്‍ തുളച്ചു കയറിയതെന്ന് വ്യക്തമല്ല. വിദഗ്ധ പരിശോധനയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ച്‌ കുഞ്ഞിന് എച്ച്‌ വണ്‍ എൻ വണ്‍, ഡെങ്കിപ്പനി, പോലെയുള്ള പരിശോധനകള്‍ നടത്തി. എന്നാല്‍ എച്ച്‌ഐവി പരിശോധന മെഡിക്കല്‍ കോളേജില്‍ നടത്താൻ പറ്റാത്തതിനാല്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കുടുംബം. ഒരു ടെസ്റ്റിന് ഇരുപതിനായിരം രൂപ വരെ ചിലവാകും. തുടർന്ന് 14 വർഷം വരെ എല്ലാവർഷവും ഈ പരിശോധന നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. സംഭവത്തില്‍ കായംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. ആരോഗ്യമന്ത്രിക്കുള്‍പ്പടെ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് കുടുംബം പറ‍ഞ്ഞിരുന്നു.