‘വേസ്റ്റ് ഇടാനെന്ന പേരില്‍ വീടിന് പിന്നില്‍ കുഴിയെടുത്തു’; കലവൂരിലെ സുഭദ്രയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്

ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ വയോധികയെ കൊന്നു കുഴിച്ചു മൂടിയത് ആസൂത്രിതമായെന്ന് പൊലീസ്. കൊലപാതകത്തിന് മുൻപ് തന്നെ വീടിന് പിറകുവശത്ത് കുഴി എടുത്തു എന്ന് നിഗമനം.കുഴി എടുക്കാൻ വന്ന ദിവസം പ്രായമായ ഒരു സ്ത്രീ കൂടി ആ വീട്ടില്‍ ഉണ്ടായിരുന്നു എന്ന് മേസ്തിരി പോലീസിന് മൊഴി നല്‍കി. ഒളിവില്‍ കഴിയുന്ന ശർമിളയും നിധിൻ മാത്യുവും വീടിന് പിറകുവശത്ത് വേസ്റ്റ് ഇടാനെന്ന പേരിലായിരുന്നു മേസ്തിരിയെ വിളിച്ചു വരുത്തി കുഴി എടുപ്പിച്ചത്.

ഈ സമയം പ്രായമായ സ്ത്രീയെ ആ വീട്ടില്‍ കണ്ടു എന്നാണ് മൊഴി. കുഴി എടുത്തത് ഓഗസ്റ്റ് ഏഴാം തീയതിയാണ്. രണ്ട് ദിവസം കഴിഞ്ഞ് ബാക്കി പണം വാങ്ങാൻ വന്നപ്പോള്‍ കുഴി മൂടിയതായി കണ്ടു എന്നും മേസ്തിരി മൊഴി നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് എഴിനും പത്തിനും ഇടയിലാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍.

പ്രതികളെന്നു സംശയിക്കുന്ന നിതിൻ മാത്യുവിനും ശർമിളക്കും വേണ്ടി കടവന്ത്രയില്‍ നിന്നും ആലപ്പുഴയില്‍ നിന്നും അന്വേഷണസംഘം ഉടുപ്പിയിലെത്തി അന്വേഷണം നടത്തുകയാണ്. പ്രതികളെ കണ്ടെത്താനായിട്ടില്ല. ഉഡുപ്പി സ്വദേശിയായ ശർമിളയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്. കുഴിച്ചെടുത്ത സുഭദ്രയുടെ പോസ്റ്റ്‌ മോർട്ടം ഇന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ വച്ച്‌ നടക്കും. ഇതോടെ കൊലപാതകം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങളില്‍ പോലീസിന് വ്യക്തതവരും.

കൊച്ചി സൗത്ത് റെയില്‍വേ സ്റ്റേഷനടുത്ത് വർഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുന്ന സുഭദ്രയെ കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് കാണാതായത്. മകൻ നല്‍കിയ പരാതിയില്‍ മൂന്നു ദിവസത്തിനുശേഷം കടവന്ത്ര പൊലീസ് കേസെടുത്തു. സുഹൃത്തായ ശർമിളയ്ക്കൊപ്പം പോകുന്നത് കണ്ടെന്ന പരിസരവാസികളുടെ മൊഴിയാണ് കേസന്വേഷണത്തില്‍ നിർണായകമായത്. സുഭദ്രയും ഷർമീളയും ഒരുമിച്ചു നടന്നു നീങ്ങുന്ന ദൃശ്യങ്ങള്‍ ആലപ്പുഴ കലവൂരില്‍ നിന്ന് കിട്ടിയതോടെയാണ് അന്വേഷണം മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലേക്ക് വ്യാപിപ്പിച്ചത്.

കടുത്ത ഭക്തയായിരുന്ന സുഭദ്ര തങ്ങളുടെ സുഹൃത്താണെന്നും വീട്ടില്‍ വന്നിരുന്നെന്നും പിന്നീട് മടങ്ങിപ്പോയെന്നുമാണ് മാത്യൂസും ഷർമിളയും പൊലീസോട് പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ പൊലീസ് ഇവർ താമസിച്ചിരുന്ന വീടും പരിസരവും കേന്ദ്രീകരിച്ച്‌ അന്വേഷണം തുടങ്ങി. പരിസരവാസികളെ രഹസ്യമായി കണ്ട് വിവരങ്ങള്‍ ശേഖരിച്ചു. ഓഗസ്റ്റ് 4 മുതല്‍ 3 ദിവസം സുഭദ്ര ഇവിടെയെത്തിയിരുന്നതായി സ്ഥീരികരിച്ചു. പക്ഷേ പിന്നീടാരും കണ്ടിട്ടില്ല.

എന്നാല്‍ സമീപത്തെ തൊഴിലാളി നല്‍കിയ സുപ്രധാന മൊഴിയാണ് പ്രധാന വഴിത്തിരിവായത്. ഒരു മാസം മുന്‍പ് മാലിന്യം മറവുചെയ്യാനെന്ന പേരില്‍ വീടിന്‍റെ പിന്നാന്പുറത്ത് കുഴിയെടുത്തിരുന്നെന്നായിരുന്നു ഇയാള്‍ പറഞ്ഞു. ഇവിടം പരിശോധിക്കാൻ പൊലീസ് എത്തിയപ്പോഴാണ് മാത്യൂസും ഷർമിളയും അപ്രത്യക്ഷരായത് പൊലീസ് തിരിച്ചറിഞ്ഞത്. പിന്നാലെ വീടും പരിസരവും പരിശോധിച്ചു.

മാലിന്യം മറവുചെയ്യാനെടുത്ത കുഴി തൊഴിലാളി കാട്ടിക്കൊടുത്തു. മൃതദേഹങ്ങള്‍ തിരിച്ചറിയുന്ന കെടാവാർ നായകളെ കൊണ്ടുവന്ന് പരിശോധിപ്പിച്ചു. മൃതദേഹത്തിന്‍റെ രൂക്ഷഗന്ധം മണ്ണിനിടയില്‍ ഇവ‍ർ ശ്വസിച്ചതോട് പൊലീസ് നടപടി തുടങ്ങിയത്. മണ്ണ് മാറ്റി മൂന്നടി താഴ്ചയില്‍ എത്തിയപ്പോള്‍ മൃതദേഹം കണ്ടെടുത്തു. തിരിച്ചറിയാനാകാത്ത വിധം അഴുകിയ നിലയില്‍ ആയിരുന്നു. ഒടുവില്‍ ബന്ധുക്കള്‍ എത്തിയാണ് മരിച്ചത് സുഭദ്രയെന്ന് തിരിച്ചറിഞ്ഞത്.

സുഭ്രയുടെ കാലിലെ കെട്ടാണ് തിരിച്ചറിയാൻ സഹായിച്ചത്. സ്വർണാഭരണങ്ങള്‍ ധരിച്ചിരുന്ന സുഭദ്രയുടെ മൃതദേഹത്തില്‍ ഇതൊന്നും ഉണ്ടായിരുന്നില്ല, ഇതോടെയാണ് പണത്തിനും സ്വർണത്തിനും വേണ്ടിയുളള കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേർന്നത്. സുഭദ്രയുടേതെന്ന് കരുതുന്ന ആഭരണങ്ങള്‍ ആലപ്പുഴയിലെയും ഉടുപ്പിയിലെയും സ്വർണപ്പണയ സ്ഥാപനങ്ങളില്‍ നിന്ന് പൊലീസ് കണ്ടെടുത്തതായി വിവരമുണ്ട്.

കൊലപാതകം നടത്തിയത് മാത്യുസും ഷർമിളയും തന്നെയാണോ, വേറെയാർ‍ക്കെങ്കിലും കൃത്യത്തില്‍ പങ്കുണ്ടോ, കൊലപാതകം എന്തിനുവേണ്ടിയിരുന്നു, കൃത്യം നടത്തിയത് എവിടെവെച്ചാണ് , മൃതദേഹം മറവുചെയ്യാൻ മറ്റാരെങ്കിലും സഹായിച്ചുണ്ടോ തുടങ്ങിയ വിവരങ്ങളാണ് ഇനിയറിയേണ്ടത്. ഉടുപ്പി സ്വദേശിനിയായ ഷർമീളയേയും ആലപ്പൂഴ കാട്ടൂർ സ്വദേശിയായ മാത്യൂസിനെയും ചോദ്യം ചെയ്യുന്പോഴേ ഇക്കാര്യങ്ങളില്‍ ഉത്തരമാകൂ.