ഇരട്ട ഗർഭസ്ഥശിശുക്കൾ മരിക്കാനിടയായ സംഭവത്തിൽ പിതാവും മാതാവും എസ്.പി. ഓഫീസിനു മുൻപിൽ പ്രതിഷേധിച്ചു

മലപ്പുറം: മഞ്ചേരി മെഡിക്കൽകോളേജിൽനിന്ന് പൂർണഗർഭിണിയായ യുവതിക്ക്‌ ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് ഇരട്ട ഗർഭസ്ഥശിശുക്കൾ മരിക്കാനിടയായ പരാതിയിൽ 75 ദിവസമായിട്ടും എഫ്.ഐ.ആർ. രജിസ്റ്റർചെയ്യാത്തതിൽ പിതാവും മാതാവും എസ്.പി. ഓഫീസിനു മുൻപിൽ പ്രതിഷേധിച്ചു. പിതാവ് എൻ.സി. ശരീഫും ഭാര്യ സഹല തസ്നീമുമാണ് പ്രതിഷേധിച്ചത്.

 

മലപ്പുറം എസ് പിയുമായി സംസാരിക്കുന്നു. ഫോട്ടോ രാജു മുളളബാറ

എസ്.പി. ഓഫീസിലെത്തിയ ദമ്പതിമാരെ കവാടത്തിൽ പോലീസ് തടഞ്ഞതോടെ വാക്കുതർക്കമായി. തുടർന്ന് ജില്ലാ പോലീസ് മേധാവി. യു. അബ്ദുൽകരീം ഇരുവരോടും സംസാരിച്ചു. കേസ് രജിസ്റ്റർചെയ്ത് എഫ്.ഐ.ആറിന്റെ പകർപ്പ് എസ്.പി. തന്നെ നേരിട്ട് കൈമാറി. കേസ് രജിസ്റ്റർചെയ്യാൻ വൈകിയത് നടപടിക്രമങ്ങളുടെ ഭാഗമാണെന്നും മലപ്പുറം ഡിവൈ.എസ്.പി. അന്വേഷണംനടത്തുമെന്നും എസ്.പി. വ്യക്തമാക്കി നീതിലഭിക്കാൻ വൈകിയതുകൊണ്ടാണ് പ്രതിഷേധവുമായി എത്തിയതെന്നും ഇപ്പോൾ സ്വീകരിച്ച നടപടിയിൽ പ്രതീക്ഷയുെണ്ടന്നും ഷെരീഫും സഹലയും പറഞ്ഞു.

 

എസ്പി ഓഫീസിലെത്തിയവരെ തടയുന്നു (ഫോട്ടോ രാജു മുള്ളമ്പാറ)

 

ഇരട്ടക്കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണംനടത്താനായി ആരോഗ്യവകുപ്പ് ചുമതലപ്പെടുത്തിയ അന്വേഷണസംഘം ചൊവ്വാഴ്ച മാതാപിതാക്കളുടെ മൊഴിയെടുത്തു. ഡി.എം.ഒ. ഓഫീസിൽവെച്ചാണ് അന്വേഷണച്ചുമതലയുള്ള കോഴിക്കോട് മെഡിക്കൽകോളേജ് ഗൈനക്ക് വിഭാഗം മേധാവി ഡോ. മിനി മലപ്പുറം ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഇസ്മായിൽ എന്നിവർ എൻ.സി. ശരീഫ് ഭാര്യ സഹല തസ്നിം എന്നിവരുടെ മൊഴി രേഖപ്പെടുത്തിയത്.

പോലീസുകാരുമായി സംസാരിക്കുന്നു . (ഫോട്ടോ രാജു മുള്ളമ്പാറ)

 

ഒൻപതിനാണ് വകുപ്പുതല അന്വേഷണത്തിന് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്.