കേരളത്തില്‍ അടുത്ത 7 ദിവസങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യത; 2 ദിവസം ഒറ്റപ്പെട്ടയിടത്ത് മഴ ശക്തമായേക്കും
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 7 ദിവസങ്ങളില്‍ വ്യാപകമായി നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.ആന്ധ്രാ – ഒഡീഷ തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യുന മർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സെപ്റ്റംബർ 24, 25 തീയതികളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.