കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമില്‍ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസില്‍ ദമ്ബതികള്‍ പിടിയില്‍.കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുല്‍ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല മോഷ്ടിച്ച ശേഷം ഇരുവരും ട്രെയിനില്‍ രക്ഷപെടുകയായിരുന്നു. എന്നാല്‍ ലുലു മാളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇതിന് പിന്നാലെ അന്വേഷണം നടത്തി. കാസർകോട് പടന്നയില്‍ വെച്ചാണ് കോഴിക്കോട് സിറ്റി പൊലീസും ക്രൈം സ്‌ക്വാഡും ചേർന്ന് ഇവരെ പിടികൂടിയത്.
ഈ മാസം 26ാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ലുലു മാളില്‍ എത്തിയ 10 മാസം പ്രായമുള്ള കുട്ടിയുടെ കഴുത്തിലെ ഒന്നേകാല്‍ പവൻ സ്വർണ്ണമാലയാണ് പ്രതികള്‍ പിടിച്ചുപറിച്ചത്. ലുലു മാളിലെ തിരക്കിനിടയില്‍ ആളുകളുടെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങിയ പ്രതികള്‍ ഒരുമിച്ച് സഞ്ചരിക്കാതെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തി. പിന്നീട് ട്രെയിൻ മാർഗ്ഗം രക്ഷപ്പെടുകയായിരുന്നു.
കുട്ടിയുടെ ഉമ്മയുടെ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയ കസബ പോലീസ് ലുലു മാളിലെയും റെയില്‍വേ സ്റ്റേഷനിലെയും നിരവധി സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികള്‍ മുൻപും പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ സമാന കുറ്റകൃത്യത്തില്‍ ഏർപ്പെട്ട ആളുകളാണ്. നഷ്ടപ്പെട്ട സ്വർണ്ണമാല പ്രതികളില്‍ നിന്ന് പോലീസ് കണ്ടെടുത്തു.