ദുബായ്: വനിതാ ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം പന്തെടുക്കും. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.മലയാളി താരം ആശ ശോഭന പ്ലേയിംഗ് ഇലവനില്‍ ഇടം നേടി. മറ്റൊരു മലയാളി താരം സജന സജീവന്‍ ലോകകപ്പ് അരങ്ങേറ്റത്തിനായി കാത്തിരിക്കണം. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: ഷെഫാലി വര്‍മ, സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി, പൂജ വസ്ത്രകര്‍, ശ്രേയങ്ക പാട്ടീല്‍, ആശാ ശോഭന, രേണുക താക്കൂര്‍ സിംഗ്.
ന്യൂസിലന്‍ഡ്: സൂസി ബേറ്റ്സ്, ജോര്‍ജിയ പ്ലിമ്മര്‍, അമേലിയ കെര്‍, സോഫി ഡിവൈന്‍ (ക്യാപ്റ്റന്‍), ബ്രൂക്ക് ഹാലിഡേ, മാഡി ഗ്രീന്‍, ഇസബെല്ല ഗെയ്സ് (വിക്കറ്റ് കീപ്പര്‍), ജെസ് കെര്‍, റോസ്‌മേരി മെയര്‍, ലിയ തഹുഹു, ഈഡന്‍ കാര്‍സണ്‍.സന്നാഹമത്സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനെയും ദക്ഷിണാഫ്രിക്കയേയും തോല്‍പിച്ച മികവ് ന്യൂസിലന്‍ഡിനെതിരെയും ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും. അവസാന അഞ്ച് കളിയും തോറ്റ കിവീസ് വനിതകള്‍ക്ക് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഇന്ത്യക്കെതിരെ ജയം അനിവാര്യം.
ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. ഇന്ത്യ, ന്യൂസിലന്‍ഡ് എന്നിവര്‍ക്ക് പുറമെ ഓസ്ട്രേലിയ, പാകിസ്ഥാന്‍, ശ്രീലങ്ക ടീമുകളാണ് ഗ്രൂപ്പ് എയില്‍ വരുന്നത്. ബി ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സ്‌കോട്‌ലന്‍ഡ് ടീമുകള്‍ ഇടംപിടിച്ചു. ഒക്ടോബര്‍ ആറിന് ദുബായില്‍ ആവേശകരമായ ഇന്ത്യ-പാക് പോരാട്ടം നടക്കും.