കെഎ 02 എംഎം 3309 നമ്ബര്‍ ആഡംബര കാര്‍ കാട്ടിക്കുളത്തെത്തി, പരിശോധിനയില്‍ പിടികൂടിയത് രാസലഹരിക്കും മേലെ, വില ലക്ഷങ്ങള്‍!

മാനന്തവാടി: ആഡംബര കാറില്‍ കടത്തുകയായിരുന്നു ലഹരിമരുന്ന് പിടിച്ചെടുത്തു. 276 ഗ്രാം മാജിക് മഷ്‌റൂം, 13.2 ഗ്രാം കഞ്ചാവ്, 6.5 ഗ്രാം ചരസ് എന്നിവയാണ് മാനന്തവാടി എക്‌സൈസ് ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച്ച കാട്ടിക്കുളത്ത് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.സംഭവത്തില്‍ ബെംഗളുരു ബിഎസ് നഗര്‍ ഗൃഹലക്ഷ്മി ബെനക റസിഡന്‍സിയില്‍ രാഹുല്‍ റായ് (38) എന്നയാളെ അറസ്റ്റ് ചെയ്തു. രണ്ടാംഗേറ്റില്‍ എത്തിയ ഇയാളുടെ കെഎ 02 എംഎം 3309 എന്ന നമ്ബറിലുള്ള വാഹനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് വിവിധ ലഹരിമരുന്നുകള്‍ കണ്ടെടുത്തത്. മാജിക് മഷ്‌റൂം രണ്ട് ഗ്രാം കൈവശം വെച്ചാല്‍ പോലും 10 വർഷം തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് എന്‍ഡിപിഎസ് നിയമപ്രകാരമുള്ള ശിക്ഷ.

പിടിയിലായ രാഹുല്‍ റായ് സ്വന്തമായി മാജിക് മഷ്‌റൂം നിര്‍മിച്ച്‌ രാജ്യത്തിന്റെ പല ഭാഗത്തേക്കും എത്തിച്ചു നല്‍കുകയായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിദേശത്തേക്കും ഇത്തരം ലഹരിമരുന്നുകള്‍ കയറ്റി അയക്കുകയെന്ന ലക്ഷ്യം ഇയാള്‍ക്കുണ്ടായിരുന്നുവെന്ന് പറയുന്നു. പരിശോധനയില്‍പ്പെടാതിരിക്കാൻ വയനാട് വഴി മംഗലാപുരത്തേക്ക് കടക്കാനായിരുന്നു പ്രതിയുടെ ശ്രമമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേരളത്തില്‍ ഇത്രയും കൂടി അളവില്‍ മാജിക് മഷ്‌റൂം പിടിച്ചെടുക്കുന്നത് ആദ്യമായിട്ടാണെന്ന് എക്‌സൈസ് പറയുന്നു. ലോക മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിമരുന്നാണ് ഇത്.

ബെംഗളുരുവില്‍ സ്വന്തമായി മാജിക് മഷ്‌റൂം ഫാം നടത്തിവരികയാണ് രാഹുല്‍ റായ് എന്ന് പ്രഥമിക അന്വേഷണത്തില്‍ എക്‌സൈസിന് ബോധ്യമായിട്ടുണ്ട്. ഇയാളോടൊപ്പം കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. കൂടുതല്‍ പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുന്നു. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ പിആര്‍ ജിനോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിപിന്‍ കുമാര്‍, ടിജെ പ്രിന്‍സ്, ഡ്രൈവര്‍ ഷിംജിത് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.