ആദ്യം ആയുധങ്ങളുമായെത്തി ഭീകരാന്തരീക്ഷമുണ്ടാക്കി, രാത്രി ബൈക്ക് തടഞ്ഞ് 2 പേരെ ആക്രമിച്ചു; 3 പേര്‍ അറസ്റ്റില്‍

തൃശൂര്‍: ഇരിങ്ങാലക്കുട കരുവന്നൂരില്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി ഗുണ്ടാ ആക്രമണം നടത്തിയ പ്രതികളെ ഇരിങ്ങാലക്കുട പൊലീസ് പിടികൂടി.കരുവന്നൂര്‍ ബംഗ്ലാവ് ചേലകടവില്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി ഗുണ്ടാ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റ സംഭവത്തിലാണ് മൂന്ന് പ്രതികളെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്. കരുവന്നൂര്‍ ബംഗ്ലാവ് സ്വദേശികളായ മുരിങ്ങത്ത് വീട്ടില്‍ സുധിന്‍(26), പുരയാറ്റുപറമ്ബില്‍ വീട്ടില്‍ ഗോകുല്‍ കൃഷ്ണ (26), ആറാട്ടുപുഴ സ്വദേശി തലപ്പിള്ളി വിട്ടില്‍ ദേവദത്തന്‍ (22) എന്നിവരാണ് അറസ്റ്റിലായത്.

ശനിയാഴ്ച്ച രാത്രിയാണ് സംഭവം. പ്രദേശത്ത് മയക്കുമരുന്ന് സംഘത്തിന്റെ പ്രവര്‍ത്തനം സജീവമായിട്ടുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നേരത്തെ തന്നെ ഉണ്ടായിരുന്നു. ശനിയാഴ്ച്ച രാത്രി ഇത്തരത്തില്‍ അറസ്റ്റിലായ മൂന്ന് പ്രതികളുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ പ്രദേശത്ത് മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് വരുകയും അന്വേഷണം നടത്തി തിരിച്ച്‌ പോയതിന് ശേഷം വീണ്ടും ഇത് വഴി ബൈക്കില്‍ വന്ന രണ്ടുപേരെ ഇവര്‍ ആക്രമിക്കുകയായിരുന്നു. ദുര്‍ഗാനഗര്‍ സ്വദേശികളായ പേച്ചേരി വീട്ടില്‍ സുധാകരന്‍ (50), പേയില്‍ വീട്ടില്‍ സലീഷ് (42) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്.

ഇവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേയ്ക്കും മാറ്റിയിരുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘത്തില്‍ എസ്.ഐമാരായ ക്ലീറ്റസ്, കെ.പി. രാജു, പ്രസന്നകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുധീഷ്, എ.കെ. രാഹുല്‍, സുജിത്ത്, കെ.വി. സജീഷ്, സി.പി.ഒ. എം.കെ. രാജേഷ് എന്നിവരും ഉണ്ടായിരുന്നു.