‘താരങ്ങളെത്തിയത് ഇടനിലക്കാരൻ വഴി’; ഹോട്ടല്‍ മുറിയില്‍ നടന്നത് ലഹരി പാര്‍ട്ടി തന്നെയെന്ന് പൊലീസ്, ചോദ്യം ചെയ്യല്‍ ഉടൻ

കൊച്ചി: ഗുണ്ടാനേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച്‌ പൊലീസ്. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നടന്നത് ലഹരി പാർട്ടി തന്നെയാണെന്നും ഇടനിലക്കാരൻ വഴിയാണ് താരങ്ങള്‍ എത്തിയതെന്നും പൊലീസ് ഉറപ്പിച്ചു.ഹോട്ടലില്‍ ഫോറൻസിക് പരിശോധന നടത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചു. കേസില്‍ സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനെയും ഉടൻ ചോദ്യം ചെയ്യും.

കൊച്ചിയില്‍ ബോള്‍ഗാട്ടിയില്‍ അലൻ വാക്കറുടെ ഡി ജെ ഷോയില്‍ പങ്കെടുക്കാൻ എന്ന പേരില്‍ സേവാൻ സ്റ്റാർ ഹോട്ടലില്‍ മുറി എടുക്കുന്നു. ബോബി ചലപതി എന്നയാളുടെ പേരില്‍ ബുക്ക്‌ ചെയ്ത മുറിയില്‍ സംഘടിച്ച ആളുകള്‍ ലഹരി ഉപയോഗിച്ചു. എല്ലാത്തിനും ചുക്കാൻ പിടി‌ച്ചതും പാർട്ടിയുടെ ഭാഗമായതും ഗുണ്ടാ തലവൻ ഓം പ്രകാശാണെന്നും എളമക്കരക്കാരനായ ബിനു തോമസ് വഴിയാണ് ശ്രീനാഥ് ഭാസിയും പ്രയാഗയും മുറിയില്‍ എത്തിയതെന്നും പൊലീസ് പറയുന്നു. ഓം പ്രകാശിന് ഇവരെ നേരിട്ട് പരിചയമില്ലെന്നും പൊലീസ് വ്യക്തമാക്കി. ബിനുവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

പ്രയാഗയും, ശ്രീനാഥ് ഭാസിയുമടക്കം 20 പേർ ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്നു. ലഹരി വില്പനയ്ക്കുള്ള അളവില്‍ കണ്ടെത്താൻ സാധിക്കാത്തത്തിനാലും പ്രതികള്‍ ഉപയോഗിച്ചതിന് തെളിവില്ലാത്തത്തിനാലും ഓം പ്രകാശിനും ഒന്നാം പ്രതി ശിഹാസിനും ജാമ്യം ലഭിച്ചിരുന്നു. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ഹോട്ടല്‍ മുറിയില്‍ ഫോറൻസിക് സംഘമെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ചോദ്യം ചെയ്യാൻ എത്തുന്നതിന് മുൻപ് താരങ്ങള്‍ അഭിഭാഷകരെ കണ്ടെന്നും വിവരമുണ്ട്.