14കാരിയായ വിദ്യാര്‍ത്ഥിനിയെ പല സമയങ്ങളില്‍ ലൈംഗികമായി പീഡിപ്പിച്ചു; സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

തൃശൂർ: പ്രായപൂർത്തിയാകാത്ത സ്കൂള്‍ വിദ്യാർത്ഥിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സ്കൂള്‍ ബസ് ഡ്രൈവർ അറസ്റ്റില്‍.ചാവക്കാട് മണത്തല ചിന്നാരില്‍ മുഹമ്മദ് സഫാൻ(22) എന്നയാളെയാണ് പാവറട്ടി പൊലീസ് ഇൻസ്പെക്ടർ കെ.ജി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ പ്രതി പല സമയങ്ങളില്‍ പീഡിപ്പിച്ചതായാണ് പരാതി.

സംഭവത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത് അറിഞ്ഞതോടെ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. അന്വേഷണ സംഘത്തില്‍ സബ് ഇൻസ്പെക്ടർമാരായ ഡി. വൈശാഖ്. സജീവ്, എഎസ്‌ഐമാരായ രമേഷ്, നന്ദകുമാർ പൊലീസുകാരായ ജയകൃഷ്ണൻ, പ്രവീണ്‍ എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.