പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലെത്തിയ 3 പേര്‍, ഒരു വര്‍ഷമായി പണി ‘വേറെയാണ്’, രഹസ്യവിവരം, പിടിച്ചത് കുഴല്‍പണം

ആലപ്പുഴ : കായംകുളത്ത് വൻ കുഴല്‍പ്പണ വേട്ട. ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1,01,01,150 രൂപയുമായി 3 പേരെ കായകുളം പൊലീസ് പിടികൂടി.പണവുമായി ട്രെയിനില്‍ വന്ന പ്രതികളെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പിടികൂടിയത്.

ട്രെയിൻ മാർഗവും റോഡ് വഴിയും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്ക് വൻ തോതില്‍ കുഴല്‍പ്പണം എത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കരുനാഗപ്പള്ളി സ്വദേശികളായ നസീം, റമീസ് അഹമ്മദ്, നിസാർ എന്നവരാണ് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ പിടിയിലായത്.

ഇവർ ഇതിനുമുമ്ബ് പലപ്രാവശ്യവും കള്ളപ്പണം കടത്തിയിട്ടുണ്ടെങ്കിലും പിടികൂടുന്നത് ഇത് ആദ്യമായാണെന്ന് പൊലീസ് പറഞ്ഞു. പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലെത്തിയതാണ് പ്രതികള്‍. കഴിഞ്ഞ ഒരു വർഷമായി മാസത്തില്‍ രണ്ടും മൂന്നും തവണ ബാംഗ്ലൂർ, കോയമ്ബത്തൂർ എന്നിവിടങ്ങളില്‍ പോയി വൻതോതില്‍ കള്ളപ്പണം സംസ്ഥനത്തേക്ക് കടത്തിക്കൊണ്ടു വരികയാണ് ചെയ്യുന്നത്. ഇവരുടെ പിന്നിലുള്ളവരെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.