‘സ്നേഹിച്ച്‌ കൊണ്ടുവന്ന കുറ്റത്തിനല്ലേ എന്റെ മകനോടീ ക്രൂരത ചെയ്തത്? വേറൊരു തെറ്റും അവൻ ചെയ്തില്ലല്ലോ’

പാലക്കാട്: സ്നേഹിച്ച്‌ കൊണ്ടുവന്ന കുറ്റത്തിനല്ലേ തന്റെ മകനോടീ ക്രൂരത ചെയ്തതെന്ന് തേങ്കുറിശ്ശി ദുരഭിമാനക്കൊലപാതകത്തില്‍ ഇരയായ അനീഷിന്റെ അമ്മ.”ഞങ്ങള്‍ അപ്പീലിന് പോകുകയാണ്. ഇപ്പോള്‍ നല്‍കിയ ശിക്ഷയില്‍ ഞങ്ങള്‍ തൃപ്തരല്ല. എന്റെ മകൻ സ്നേഹിച്ച്‌ കൊണ്ടുവന്നു എന്ന കുറ്റമല്ലേ ചെയ്തുള്ളൂ? വേറൊരു തെറ്റും എന്റെ മകൻ ചെയ്തിട്ടില്ല. വധശിക്ഷ തന്നെ അവർക്ക് നല്‍കണം.” മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു അമ്മയുടെ പ്രതികരണം. പ്രതീക്ഷിച്ചത് ഇരട്ട ജീവപര്യന്തമെങ്കിലുമാണെന്നും അവർ ചെയ്ത ക്രൂരതയ്ക്ക് ഈ ശിക്ഷ പോരായെന്നും ആയിരുന്നു അനീഷിന്റെ അച്ഛൻ അറുമുഖത്തിന്റെ പ്രതികരണം. അപ്പീലിന് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.

കേസ് നടത്തിപ്പില്‍ വീഴ്ചയുണ്ടായെന്ന് അനീഷിന്റെ സഹോദരൻ അനില്‍ കുമാർ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. വിധിയില്‍ തൃപ്തിയില്ലെന്നും അപ്പീല്‍ പോകണമെന്നും അനില്‍കുമാർ വ്യക്തമാക്കി. ഒരു കൂസലും ഇല്ലാതെ പ്രതികള്‍ പോലീസ് വലയത്തില്‍ നില്‍ക്കുന്ന കാഴ്ച വേദനയുണ്ടാക്കുന്നുണ്ട്. പ്രതികളില്‍ നിന്നും ഇപ്പോഴും ഭീഷണി ഉണ്ട്. ഹരിതക്ക് ജോലി നല്‍കാൻ സർക്കാർ തയ്യാറാകണം എന്നും അനില്‍കുമാർ ആവശ്യപ്പെട്ടു.

തേങ്കുറിശ്ശി ദുരഭിമാന കൊലപാതക കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴത്തുക കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയ്ക്ക് നല്‍കാന്‍ പാലക്കാട് ഫസ്റ്റ്ക്ലാസ് അഡിഷണല്‍ സെഷൻസ് കോടതി വിധിച്ചു. കൊലപാതകം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ കോടതി കണ്ടെത്തിയത്.

കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും അരലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഭീഷണിപ്പെടുത്തിയതിന് മൂന്ന്
വർഷം തടവ് അനുഭവിക്കണം. പ്രതികള്‍ക്ക് വധശിക്ഷ വേണമെന്നായിരുന്നു പ്രൊസിക്യൂഷൻ്റെ വാദം. എന്നാല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.