നിയമസഭാ സമ്മേളനം 31ന്  കാര്‍ഷിക നിയമം ചര്‍ച്ച ചെയ്യും.

കാര്‍ഷികരംഗവും കര്‍ഷക സമുഹവും നേരിടുന്ന ആശങ്കകളും പ്രശ്‌നങ്ങളും ഇപ്പോഴും ഗൗരവതരമായി തുടരുകയാണ്

തിരുവനന്തപുരം: കാര്‍ഷിക നിയമം ചര്‍ച്ച ചെയ്യാന്‍ വേണ്ടി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ തള്ളിയത് വിവാദമായതിനു പിന്നാലെ വിഷയം ചര്‍ച്ച ചെയ്യാനായി 14ാം കേരള നിയമസഭയുടെ 21ാം സമ്മേളനം 2020 ഡിസംബര്‍ 31ന് വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2020 ഡിസംബര്‍ 21ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അതീവ അടിയന്തിര പ്രാധാന്യമുള്ള വിഷയം ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ 23ന് നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ശുപാര്‍ശ തള്ളുകയായിരുന്നു. കാര്‍ഷികരംഗവും കര്‍ഷക സമുഹവും നേരിടുന്ന ആശങ്കകളും പ്രശ്‌നങ്ങളും ഇപ്പോഴും ഗൗരവതരമായി തുടരുകയാണ്. ദേശീയതലത്തില്‍ കാര്‍ഷികരംഗവും കര്‍ഷക സമൂഹവും ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളെ ഗണ്യമായി ആശ്രയിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. അതിനാല്‍ തന്നെ, രാജ്യത്തെ ഇതരഭാഗങ്ങളില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നമ്മുടെ സംസ്ഥാനത്തിന് വളരെയധികം ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പൊതുവായ പൊതു താല്‍പ്പര്യമുള്ള വിഷയമായതിനാല്‍ ഇക്കാര്യം സംസ്ഥാനനിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നത് ഉചിതമായിരിക്കും. കര്‍ഷക സമൂഹത്തിന്റെ പ്രതിഷേധം തുടരുന്ന നിലയ്ക്ക് ഇതൊരു അടിയന്തിര പ്രശ്‌നമായിത്തന്നെ കണക്കാക്കുകയും ഇത് കാരണം നമ്മുടെസംസ്ഥാനം നേരിടാവുന്ന പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് അഭിപ്രായ രൂപീകരണം നടത്തേണ്ടതും അനിവാര്യമാണെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.