വരുന്നു അതിശക്തമായ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും

തിരുവനന്തപുരം:സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇന്ന് രാത്രിയില്‍ ഉള്‍പ്പെടെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ മൂന്ന് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.

കേരളത്തില്‍ ഇടിമിന്നലോടെയുള്ള ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇടിയോടുകൂടിയ മഴ സംസ്ഥാനത്ത് വരും ദിവസങ്ങളിള്‍ തുടരും. മധ്യ-തെക്കൻ കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു

കേരളത്തിലെ പലഭാഗങ്ങളിലും ഇന്ന് ശക്തമായ മഴയാണ് പെയ്തത്. തൃശൂരിലും ചാലക്കുടിയിലും വൈകിട്ട് മുതല്‍ രാത്രി വരെ ശക്തമായ മഴ പെയ്തു.ഇടിമിന്നലേറ്റ് ആലപ്പുഴയില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്ത് അങ്കണവാടിയിലും വീടുകളിലും വെള്ളം കയറി. കോഴിക്കോട് ചാത്തമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും മരംവീണ് വീടുകളും വാഹനങ്ങളും തകർന്നു. ഇവിടെ ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ടയിലെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.