സമ്മാനത്തിനായി സുഹൃത്തുക്കളുമായി ബെറ്റു വെച്ച്‌ പടക്കത്തിന് മുകളില്‍ കയറിയിരുന്നു; സ്‍ഫോടനത്തില്‍ ദാരുണാന്ത്യം

ബംഗളുരു: സുഹൃത്തുക്കളുമായി ബെറ്റ് വെച്ച്‌ പടക്കത്തിന് മുകളില്‍ കയറിയിരുന്ന യുവാവിന് പൊട്ടിത്തെറിയില്‍ ദാരുണാന്ത്യം.ദീപാവലി ആഘോഷങ്ങള്‍ക്കിടെ ബംഗളുരുവിലായിരുന്നു സംഭവം. 32കാരനായ ശബരീഷ് എന്നയാളാണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ദീപാവലി ദിവസം രാത്രിയായിരുന്നു സംഭവം. രാത്രി എല്ലാവരും മദ്യപിച്ച ശേഷം പടക്കം പൊട്ടിക്കാൻ തുടങ്ങി. ഇതിനിടെയായിരുന്നു ബെറ്റ് വെച്ചത്. ശക്തിയേറിയ പടക്കത്തിന് തീ കൊടുത്ത ശേഷം കാർഡ് ബോർഡ് കൊണ്ട് മൂടി അതിന് മുകളില്‍ ഇരിക്കണമെന്നായിരുന്നു ആവശ്യം. ഇങ്ങനെ ചെയ്താല്‍ ഒരു പുതിയ ഓട്ടോറിക്ഷയായിരുന്നു സുഹൃത്തുക്കള്‍ സമ്മാനമായി പറ‌ഞ്ഞിരുന്നത്. ശബരീഷ് ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായി.

ചതുരാകൃതിയിലുള്ള ഒരു പെട്ടിക്ക് മുകളില്‍ ശബരീഷ് ഇരിക്കുന്നത് വീഡിയോയില്‍ കാണാം. സുഹൃത്തുക്കള്‍ ആദ്യം ഒപ്പം നില്‍ക്കുന്നു. ഒരാള്‍ പടക്കത്തിന് തീ കൊളുത്തിയ ശേഷം എല്ലാവരും ഓടി മാറി. അല്‍പ നേരം കഴിഞ്ഞ് പടക്കം പൊട്ടി. പിന്നാലെ സുഹൃത്തുക്കള്‍ തിരിച്ചെത്തി. കുറച്ച്‌ നേരം പെട്ടിയുടെ മുകളില്‍ തന്നെ ഇരിക്കുന്ന യുവാവ് പിന്നീട് കുഴഞ്ഞ് റോഡിലേക്ക് വീഴുന്നതാണ് വീഡിയോയിലുള്ളത്.

സ്‍ഫോടനത്തിന്റെ ആഘാതത്തില്‍ യുവാവിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചതായാണ് റിപ്പോർട്ടുകള്‍. ഇത് മരണ കാരണമായിട്ടുണ്ടാവണം. പൊലീസ് കേസ് രജിസ്റ്റ‍ർ ചെയ്തു. ശബരീഷിന്റെ ആറ് സുഹൃത്തുക്കളെ പൊലീസ് പിടികൂടി. ഇവരെ കോടതിയില്‍ ഹാജരാക്കിയതായി സൗത്ത് ബംഗളുരു ഡെപ്യൂട്ടി കമ്മീഷണർ ലോകേഷ് ജഗലസർ പറഞ്ഞു.