പ്രമുഖ മലയാളി നടിമാരെ എത്തിക്കാമെന്ന് വാഗ്ദാനം; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി, പ്രതി പിടിയില്‍

കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടിമാരുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് സെക്ഷ്വല്‍ റിലേഷൻഷിപ്പിന് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത പ്രതി പിടിയില്‍.എറണാകുളം സ്വദേശി ശ്യാം മോഹൻ (37) എന്നയാളാണ് പിടിയിലായത്. കൊച്ചി സിറ്റി സൈബർ പൊലീസാണ് പ്രതിയെ പിടികൂടിയത്.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐ.പി.എസിന് രണ്ട് പ്രമുഖ നടിമാർ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ ഉടനടി നടപടി സ്വീകരിക്കാനായി സൈബർ പൊലീസ് സ്റ്റേഷൻ കൊച്ചി സിറ്റിയിലേക്ക് അയച്ചു കിട്ടിയതില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീണർ സുദർശൻ കെ.എസ്, സൈബർ എ.സി.പി. മുരളി എം.കെ. എന്നിവരുടെ മേല്‍ നോട്ടത്തിലായിരുന്നു ടീം രൂപീകരിച്ച്‌ സൈബർ പൊലീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ നിന്നും പ്രതി ഗള്‍ഫിലുള്ള മലയാളി സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സജീവമാണെന്നും ഗ്രൂപ്പുകളില്‍ നടിമാരെ നല്‍കാമെന്ന പരസ്യങ്ങള്‍ പോസ്റ്റ് ചെയ്താണ് പണം തട്ടുന്നതെന്നും വ്യക്തമായി. ഇതുവഴി പ്രതി ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് സൈബർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സമാനമായ കേസിലെ ഒരു പ്രതിയെ കഴിഞ്ഞ ദിവസം പാലക്കാട് അട്ടപ്പാടിയില്‍ നിന്നും സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി റിമാൻഡില്‍ കഴിഞ്ഞു വരികയാണ്. ഇത്തരത്തിലുള്ള പ്രവർത്തികളില്‍ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി സൈബർ പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. എസ്.ഐ ശൈലേഷ്, എ.എസ്.ഐ. ശ്യാം, ഡോളി, ദീപ എസ്, സി.പി.ഒ. അജിത്, സി.പി.ഒ ആല്‍ഫിറ്റ് ആൻഡ്രൂസ്, ഷറഫുദ്ദീൻ എന്നിവർ അടങ്ങിയ സൈബർ ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.