ഹരിപ്പാട്: ആലപ്പുഴയില്‍ തനിച്ചു താമസിച്ചിരുന്ന വയോധികയെ ഭീഷണിപ്പെടുത്തി സ്വർണ്ണമാല മോഷ്ടിച്ച പ്രതി പിടിയില്‍.വീയപുരം കല്ലേലിപ്പത്ത് കോളനിയില്‍ അനി (53) ആണ് വിയപുരം പൊലീസിന്റെ പിടിയിലായത്. വിയപുരം പായിപ്പാട് ആറ്റുമാലില്‍ വീട്ടില്‍ സാറാമ്മ അലക്സാണ്ടറിന്റെ (76) സ്വർണ്ണമാണ് മോഷണം പോയത്. തനിച്ച് താമസിച്ചിരുന്ന ഇവരുടെ വീട്ടില്‍ ഇന്നലെ രാവിലെ എട്ടരയോടെമുഖംമൂടി ധരിച്ച് എത്തിയാണ് അനി മോഷണം നടത്തിയത്.
വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി അടുക്കളയില്‍ നിന്നിരുന്ന സാറാമ്മയുടെ കഴുത്തില്‍ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് സ്വർണാഭരണങ്ങള്‍ അപഹരിച്ചത്. ഒരു മാലയും നാലു വളയും ഉള്‍പ്പെടെ ഏകദേശം എട്ടു പവനോളം സ്വർണമാണ് നഷ്ടപ്പെട്ടത്. ബലപ്രയോഗത്തെ തുടർന്ന് ശാരീരിക അസ്വസ്ഥത ഉണ്ടായസാറാമ്മ ഗ്രാമപഞ്ചായത്ത് അംഗത്തെ വിവരം അറിയിക്കുകയായും പിന്നീട് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
സാറാമ്മ തന്നെയാണ് പ്രതി അനി തന്നെയാണോ എന്ന് സംശയം പ്രകടിപ്പിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. അനി ഈ വീട്ടില്‍ തേങ്ങ ഇടാനും മറ്റുമായി വരുന്ന പതിവുണ്ടായിരുന്നു. മോഷ്ടിച്ച സ്വർണം 3.15 ലക്ഷം രൂപയ്ക്ക് അനി പണയം വെച്ചു. ഈ തുകയില്‍ ഭൂരിഭാഗവും കടം വീട്ടാനായി വിനിയോഗിച്ചിരുന്നു. ബാക്കി തുക പൊലീസ് കണ്ടെടുത്തു. പണയം വെച്ച് സ്വർണം വീണ്ടെടുക്കുമെന്ന് പൊലീസ് പറഞ്ഞു. എസ് ഐ പ്രദീപ്, ജി എസ് ഐ മാരായ ഹരി, രാജീവ്, സിപിഓ വിപിൻ, ഹോം ഗാർഡ് ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.