തിരുവനന്തപുരം: ആലപ്പുഴ മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയത് കുറുവ സംഘം തന്നെയാണെന്ന് സ്ഥിരീകരിച്ച പൊലീസ് സംഘത്തിലെ മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.അപ്പോഴും രാത്രിയില്‍ ഇനിയും ഇത്തരം സംഘങ്ങള്‍ മോഷണത്തിനെത്തുമോയെന്ന ഭീതിയിലാണ് നാട്ടുകാര്‍. കുറുവ സംഘങ്ങളെ കരുതിയിരിക്കണമെന്നും അപകടകാരികളാണ് ഇവരെന്നുമാണ് പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്.
ആരാണ് ഈ കുറുവ സംഘം?
തമിഴ്‌നാട്ടില്‍ മോഷണം കുലത്തൊഴിലായി കാണുന്ന ചില ഗ്രാമങ്ങളുണ്ട് . തിരുച്ചിറപ്പള്ളിക്ക് സമീപമുള്ള രാംജി നഗർ എന്ന തിരുട്ട് ഗ്രാമമാണ് അതില്‍ ഏറ്റവും കുപ്രസിദ്ധം. ഇവിടെ നിന്നും മറ്റ് തിരുട്ട് ഗ്രാമങ്ങളില്‍ നിന്നുമുള്ള മോഷ്ടാക്കള്‍ സംഘമായി അയല്‍ സംസ്ഥാനങ്ങളില്‍ മോഷണത്തിനിറങ്ങാറുണ്ട്. ഇവരാണ് പിന്നീട് കുറുവ സംഘങ്ങള്‍ എന്നറിയപ്പെട്ട് തുടങ്ങിയത്. തമിഴ്നാട് പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗമായ ക്യൂ ബ്രാഞ്ച് ആണ് സംഘത്തെ ആദ്യമായി കുറുവ സംഘമെന്ന് വിളിക്കുന്നത്.ആയുധധാരികളായ മോഷ്ടാക്കള്‍ എന്ന അർത്ഥത്തിലായിരുന്നു പ്രയോഗം. ബോഡിനായ്ക്കന്നൂർ, കോയമ്ബത്തൂർ, തഞ്ചാവൂർ മധുര എന്നിവിടങ്ങളിലെ ചില ഗ്രാമങ്ങളില്‍ ഉള്ളവരും ഇപ്പോള്‍ കുറുവ സംഘങ്ങളില്‍ സജീവമാണ്.
അപകടകാരികള്‍
എല്ലായിടത്തും ഈ സംഘം മോഷണത്തിന് ഉപയോഗിക്കുന്നത് ഒരേ തന്ത്രങ്ങളാണ്. പദ്ധതിയിട്ട മോഷണം വിജയകരമായി നടത്താനായി ആള്‍ക്കാരെ പരുക്കേല്‍പ്പിക്കാനും കൊല്ലാനും വരെ മടിക്കാത്തവരാണ് കുറുവ സംഘത്തിലെ അംഗങ്ങള്‍. അത് തന്നെയാണ് അവരെ അപകടകാരികള്‍ ആക്കുന്നതും.
മോഷണ രീതി
മോഷണം നടത്താൻ ഉദ്ദേശിക്കുന്ന പ്രദേശത്ത് നേരത്തെ തന്നെ എത്തി ചെറിയ തൊഴിലുകളില്‍ ഏർപ്പെടും. സാവധാനം പരിസരവും വീടുകളും നിരീക്ഷിച്ച് കയറേണ്ട വീടുകള്‍ ഏതൊക്കെയെന്ന് തീരുമാനിക്കും. രണ്ടോ മൂന്നോ പേരുടെ സംഘമാവും മോഷണത്തിനിറങ്ങുന്നത്. കൈയില്‍ ഇരുമ്ബു ദണ്ഡുകള്‍ ഉണ്ടാവും. പുറകിലത്തെ വാതില്‍ തുറന്നാണ് ഇവർ സാധാരണ വീടുകളില്‍ പ്രവേശിക്കുക. അടിവസ്ത്രം മാത്രം ധരിച്ച് ദേഹം മുഴുവൻ കരിയും എണ്ണയും പുരട്ടിയാവും ഇവർ അകത്തു കടക്കുക. പിടിക്കാൻ ആരെങ്കിലും ശ്രമിച്ചാലും വഴുതിയോടാൻ ഇത് സഹായകമാകും. മോഷണം നടത്താൻ ഉദ്ദേശിക്കുന്ന വീടിനു സമീപം ശ്രദ്ധ തിരിക്കാനായി മറ്റെന്തെങ്കിലും ചെറിയ സംഭവങ്ങള്‍ സൃഷ്ടിക്കുന്നതും ഇവരുടെ പതിവാണ്. വീടിനു മുന്നില്‍ കുട്ടികള്‍ കരയുന്ന ശബ്ദമോ വാഹനാപകടം നടന്നത് പോലുള്ള ഒച്ചയോ ഉണ്ടാക്കി വീട്ടുകാരുടെ ശ്രദ്ധ തിരിച്ച ശേഷമാവും പലപ്പോഴും ഇവർ വീട്ടില്‍ കയറുന്നത്.
മോഷണ മുതല്‍ സംഘത്തലവൻ സൂക്ഷിക്കും
മോഷണം കഴിഞ്ഞാല്‍ കിട്ടുന്ന പണവും സ്വർണവും സംഘത്തലവൻ സൂക്ഷിക്കും. ഇടക്ക് പൊലീസ് പിടിക്കുന്ന ഘട്ടം വന്നാല്‍ തലവനെ രക്ഷപ്പെടുത്തി മറ്റുള്ളവർ പിടികൊടുക്കും. അങ്ങനെ സംഭവിച്ചാലും മോഷണ മുതലിന്‍റെ വിഹിതം തലവൻ കൃത്യമായി ഗ്രാമത്തിലെ ഇവരുടെ വീടുകളില്‍ എത്തിക്കും. കൗമാരക്കാർ മുതല്‍ 60 കഴിഞ്ഞവർ വരെ സംഘത്തില്‍ അംഗങ്ങളായുണ്ട്. പിടിക്കപ്പെടുന്നവരും ശിക്ഷിക്കപ്പെടുന്നവരുമൊക്കെ പുറത്തിറങ്ങിയാല്‍ വീണ്ടും മോഷണത്തിന് ഇറങ്ങുന്നതും പതിവാണ്. മോഷണം കുലത്തൊഴിലായി കാണുന്നതിനാല്‍ തന്നെ ഇവർക്ക് കുറ്റബോധം തോന്നാറുമില്ല.