ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍ക്കാൻ കൊണ്ടുവന്ന ബ്രൗണ്‍ ഷുഗറുമായി രണ്ട് അസം സ്വദേശികള്‍ പിടിയില്‍

എറണാകുളം: കോതമംഗലത്ത് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 18 ഗ്രാം ബ്രൗണ്‍ ഷുഗറുമായി രണ്ട് അസം സ്വദേശികള്‍ പിടിയില്‍.ഹഫിജ് ഉദ്ധീൻ, സഫീക്കുള്‍ ഇസ്‌ലാം എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന ലക്ഷ്യമിട്ടാണ് ഇവർ മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്നത്.

കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സിജോ വർഗീസും സംഘവും നടത്തിയ പരിശോധനയിലാണ് ബ്രൗണ്‍ ഷുഗറുമായി ഇരുവരെയും കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ സുധീർ മുഹമ്മദ്, പി.ബി ലിബു, എം.റ്റി ബാബു, സിവില്‍ എക്സൈസ് ഓഫീസർമാരായ റസാഖ് കെ.എ, സോബിൻ ജോസ്, എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

മറ്റൊരു സംഭവത്തില്‍ കോഴിക്കോട് ബാര്‍ ഹോട്ടലില്‍ നിന്നും ലഹരിമരുന്നുമായി യുവാവ് പിടിയിലായി. 4.378 ഗ്രാം മെത്താംഫിറ്റമിൻ കൈവശം വെച്ച അരക്കിണര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദാണ് സൗത്ത് ബിച്ചിലെ ബാറില്‍ നിന്നും പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു എക്സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള പരിശോധന. ഹോട്ടലില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണോ ലഹരിമരുന്ന് എന്ന കാര്യം പരിശോധിക്കുകയാണ്.