പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വൻമുന്നേറ്റവുമായി കോണ്‍ഗ്രസ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.ഫല പ്രഖ്യാപനത്തിൻ്റെ 11 റൗണ്ട് പിന്നിടുമ്ബോള്‍ 15, 352 വോട്ടുകളുടെ ഭൂരിപക്ഷം നേടി കുതിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. നേരത്തെ, ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്ബും വലിയ പ്രതീക്ഷയാണ് രാഹുല്‍ പ്രകടിപ്പിച്ചത്. ഭൂരിപക്ഷം പറയുന്നില്ലെങ്കിലും വിജയിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് വികെ ശ്രീകണ്ഠൻ്റെ പ്രതികരണം.
നേരത്തെ തന്നെ ഷാഫിയുടെ നോമിനിയാണ് രാഹുലെന്ന് വ്യാപകമായി കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെ ആക്ഷേപമുയർന്നിരുന്നു. രാഹുലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ പി സരിൻ പാർട്ടി വിട്ടതും എകെ ഷാനിബ് സ്വതന്ത്രനായി മത്സരിച്ചതും വിവാദമായിരുന്നു. ഇതിന് പിന്നാലെ രാഹുലിൻ്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നില്‍ ഷാഫിയുടെ പേരുണ്ടെന്ന് വിഡി സതീശനും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഡിസിസിക്ക് താല്‍പ്പര്യമുള്ളയാള്‍ കെ മുരളീധരനാണെന്നുള്ള കത്തും പുറത്തുവന്നു. പ്രചാരണത്തിലുടനീളം ഷാഫിക്കൊപ്പം തന്നെ നില കൊണ്ട രാഹുല്‍ പാലക്കാട് ബിജെപി കോട്ട തകർത്ത് കൊണ്ട് വിജയത്തിലേക്ക് കുതിക്കുമ്ബോള്‍ ഇതി ഷാഫി പറമ്ബിലിനുമുള്ള വിജയമായാണ് കണക്കാക്കുന്നത്. ഇന്ന് രാവിലേയും രാഹുല്‍ ജയിക്കുമെന്നും കാണാമെന്നുമായിരുന്നു ഷാഫിയും പ്രതികരിച്ചത്.
വാശിയേറിയ തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടമെങ്കില്‍ വോട്ടെണ്ണല്‍ നാല് മണിക്കൂർ പിന്നിടുമ്ബോഴാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വമ്ബൻ ലീഡ് നേടി കുതിക്കുന്നത്. പോസ്റ്റല്‍ വോട്ടുകളിലും ആദ്യമണിക്കൂറുകളിലും മുന്നിലായിരുന്ന ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ ആറാം റൗണ്ട് മുതലാണ് രാഹുല്‍ പിന്നിലാക്കിയത്. ബിജെപി കോട്ടകള്‍ പൊളിച്ചടുക്കിയാണ് രാഹുലിന്‍റെ കുതിപ്പ്. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്ബോള്‍ ബിജെപി മുന്നിലായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ നഗരസഭയില്‍ ഇത്തവണ ബിജെപിക്ക് വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിലേക്കാണ് ബി ജെ പി വോട്ടുകള്‍ ചോർന്നത്. ഇതിനൊപ്പം തന്നെ കോണ്‍ഗ്രസ് പാളയം വിട്ട് ഇടത് സ്ഥാനാർഥിയായ പി സരിനെയും രാഹുല്‍ നിഷ്പ്രഭനാക്കി. സരിൻ നേടിയതിന്‍റെ ഇരട്ടി വോട്ടുകള്‍ നേടിയാണ് രാഹുലിന്‍റെ തേരോട്ടം.
പിരായിരി പഞ്ചായത്തില്‍ വോട്ടെണ്ണിയപ്പോളാണ് രാഹുലിന്‍റെ ലീഡ് കുത്തനെ ഉയർന്നത്. ഇവിടെ മാത്രം 6775 വോട്ട് നേടിയ രാഹുല്‍ കൃഷ്ണകുമാറിനെക്കാള്‍ 4124 വോട്ടുകളുടെ മുൻതൂക്കവും പിരായിരിയില്‍ നേടി. ഒൻപതാം റൗണ്ട് വോട്ടെണ്ണല്‍ പൂർത്തിയായപ്പോള്‍ 10291 വോട്ട് ലീഡാണ് രാഹുലിനുള്ളത്. വമ്ബൻ വിജയം രാഹുല്‍ ഉറപ്പാക്കിയതോടെ പാലക്കാട്ട് യു ഡി എഫ് പ്രവർത്തകർ ആഘോഷം തുടങ്ങി.