ബെയ്റൂട്ടില്‍ ഇസ്രയേല്‍ വ്യോമാക്രമണം, എട്ട് നില കെട്ടിടം തകര്‍ന്നു, 3 സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്

ബെയ്റൂട്ട്: ലെബനോനിലെ വടക്കൻ മേഖലയിലും തെക്കൻ മേഖലയിലും വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ബെയ്റൂട്ടിലും ഇസ്രയേല്‍ വ്യോമാക്രമണം.ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് ഇസ്രയേല്‍ വ്യോമാക്രണം നടന്നതെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. ഹിസ്ബുള്ളയെ പിന്തുണയ്ക്കുന്ന ഇറാൻ നിലപാടിനെ അടിച്ചമർത്താനുള്ള ഇസ്രയേല്‍ ശ്രമത്തിന്റെ ഭാഗമായാണ് വ്യോമാക്രമണമെന്നാണ് റിപ്പോർട്ട്.

ബെയ്റൂട്ടിലെ ബാസ്തായിലുണ്ടായ വ്യോമാക്രമണത്തില്‍ നാല് പേർ കൊല്ലപ്പെട്ടതായും 33 പേർക്ക് പരിക്കേറ്റതായുമാണ് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച്‌ ലെബനീസ് ടെലിവിഷനായ അല്‍ മാനർ റിപ്പോർട്ട് ചെയ്യുന്നത്. പുലർച്ചെ നടന്ന ആക്രമണത്തില്‍ ബെയ്റൂട്ടില്‍ എട്ട് നില കെട്ടിടം തകർത്തു. ഇതിന് ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നാല് ബോംബുകളാണ് ബെയ്റൂട്ടില്‍ പതിച്ചതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. ബെയ്റൂട്ടിലെ മധ്യമേഖലയില്‍ ഒരാഴ്ചയ്ക്കുള്ളിലുണ്ടാവുന്ന നാലാമത്തെ ആക്രമണമെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്. മൂന്ന് വലിയ സ്ഫോടനങ്ങള്‍ കേട്ടതായാണ് എഎഫ്പി മാധ്യമ പ്രവർത്തകൻ വിശദമാക്കുന്നത്.

വെള്ളിയാഴ്ച ഇസ്രയേല്‍ ലെബനോനിലെ തെക്കൻ മേഖലയിലും ബെയ്റൂട്ടിന്റെ പ്രാന്ത പ്രദേശങ്ങളിലും ഇസ്രയേല്‍ ആക്രമണം നടന്നിരുന്നു. ദർ അല്‍ അമല്‍ സർവ്വകലാശാല ആശുപത്രിക്ക് സമീപത്തുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ ആശുപത്രി ഡയറക്ടറും ആറ് സഹപ്രവർത്തരും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം മുതലുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ 200ലേറെ പേർ ഡോക്ടർമാരാണെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് വിശദമാക്കുന്നത്.