കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറെന്ന് കെ.സുരേന്ദ്രൻ. കേന്ദ്രനേതൃത്വത്തെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചു.
പാലക്കാട്ടെ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രൻ രാജിക്ക് തയ്യാറായത്. അതേസമയം, രാജി സന്നദ്ധത കേന്ദ്രനേതൃത്വം തള്ളിയതായി സുരേന്ദ്രൻ പക്ഷം അവകാശപ്പെട്ടു. സുരേന്ദ്രൻ ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണും.
ശോഭാ സുരേന്ദ്രനും ശോഭയെ അനുകൂലിക്കുന്ന 18 നഗരസഭ കൗണ്‍സിലർമാരും ചേർന്ന് ജയ സാധ്യത അട്ടിമറിച്ചതായി സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ശോഭയും ഒപ്പമുള്ളവരും ചേർന്ന് വോട്ട് മറിച്ചു. ശോഭയുടെ ഡ്രൈവറുടെ നേതൃത്വത്തില്‍ കണ്ണാടി മേഖലയില്‍ വോട്ട് മറിച്ചെന്നും സുരേന്ദ്രൻ പക്ഷം ആരോപിക്കുന്നു. സ്മിതേഷ് മീനാക്ഷി, ദിവ്യ, സാബു തുടങ്ങിയ നഗരസഭ കൗണ്‍സിലർമാർ സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചതായും സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ബിജെപിയില്‍ നേതൃത്വത്തെ ലക്ഷ്യമിട്ട് വിമർശനങ്ങള്‍ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. വിജയ സാധ്യത കൂടുതലുണ്ടായിരുന്ന ശോഭ സുരേന്ദ്രന് പകരം സി.കൃഷ്ണകുമാറിനെ കൊണ്ടുവന്നത് പാർട്ടിക്ക് തിരിച്ചടിയായെന്നാണ് പ്രധാന വിമർശനം.
ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയായിരുന്ന സി.കൃഷ്ണകുമാറിനെ രംഗത്തിറക്കി നേട്ടമുണ്ടാക്കാമെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ പാലക്കാട് ഫലം കണ്ടില്ല. എ ക്ലാസ് എന്ന് ബിജെപി കരുതുന്ന മണ്ഡലത്തില്‍ പതിനായിരത്തോളം വോട്ടുകളാണ് കുറഞ്ഞത്. കഴിഞ്ഞ തവണ ഇ. ശ്രീധരൻ 50220 വോട്ടുകള്‍ നേടിയപ്പോള്‍ ഇക്കുറി കൃഷ്ണകുമാറിന് 39529 വോട്ടുകള്‍ മാത്രമാണ് നേടാനായത്.