വയനാട്ടിലെ ബിജെപി മുൻ ജില്ലാ പ്രസിഡൻ്റ് കെപി മധു പാര്‍ട്ടി വിട്ടു; നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം

വയനാട്: ബിജെപി മുൻ ജില്ലാ പ്രസിഡണ്ട് കെ.പി മധു ബിജെപിയില്‍ നിന്ന് രാജിവച്ചു. നേതൃത്വവുമായി ഉള്ള ഭിന്നതയെ തുടർന്നാണ് രാജി.ബിജെപിയില്‍ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു ആരോപിക്കുന്നു. തൃശ്ശൂരില്‍ ബിജെപി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാർത്ഥിയായത് കൊണ്ടാണെന്നും എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികള്‍ക്ക് മത്സരിക്കാൻ ആവില്ലെന്നും മധു പറഞ്ഞു. കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തില്‍ പ്രവർത്തിക്കുന്ന ബിജെപിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം വിമർശിച്ചു. വയനാട്ടില്‍ വന്യജീവി ആക്രമണ സമരത്തിനിടെ ക്രിസ്ത്യൻ പുരോഹിതർക്കെതിരെ നടത്തിയ പരാമർശത്തെ തുടർന്നാണ് മധുവിനെ ജില്ലാ പ്രസിഡൻറ് സ്ഥാനത്തു നിന്ന് ബിജെപി മാറ്റിയത്.